ചെമ്മണ്ണൂർ കള്ളിൻ്റെ പരസ്യം സോഷ്യൽ മീഡിയ നിറഞ്ഞോടുന്നു, പരാതി കിട്ടിയിട്ടും അനങ്ങാതെ പോലീസും എക്സൈസും; ബോബി മാതൃക മറ്റു ഷാപ്പുകാരും അനുകരിച്ചാൽ !!
കോഴിക്കോട്: കേരള അബ്കാരിച്ചട്ടം പ്രകാരം മദ്യത്തിനും സിഗററ്റിനും പരസ്യം ചെയ്യാൻ പാടില്ല. സിനിമയിലോ മറ്റോ കാണിക്കേണ്ടി വന്നാൽ ആരോഗ്യത്തിന് ഹാനികരം എന്ന് മുന്നറിയിപ്പ് കൊടുക്കുകയും വേണം. സുഹൃത്തുക്കൾക്കൊപ്പം ഷാപ്പിലിരുന്ന് കള്ളു കുടിച്ചതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലിട്ട പെൺകുട്ടിക്കെതിരെ തൃശൂരിൽ എക്സൈസ് കേസെടുത്തത് ഈ വർഷമാദ്യം തൃശൂരിലാണ്.
മുന്നറിയിപ്പില്ലാതെ പുകവലിച്ചാൽ സിനിമയിലായാലും സിനിമാ പോസ്റ്ററിലായാലും കേസെടുക്കും, താരങ്ങൾ ജാമ്യത്തിനായി നെട്ടോട്ടമോടും. എന്നാൽ വൻ വ്യവസായിയായ ബോബി ചെമ്മണ്ണൂരിന് ഈ നിയമങ്ങളൊന്നും ബാധകമല്ല. കൊച്ചിയിൽ അദ്ദേഹം പുതുതായി തുടങ്ങിയ കള്ളുഷാപ്പിൻ്റെ പരസ്യം മൂന്നുമാസമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടിയിട്ടും മേൽപറഞ്ഞ നിയമങ്ങളൊക്കെ നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാരും കണ്ടിട്ടില്ല. രേഖാമൂലം പരാതി നൽകിയിട്ടും പോരാ, വിശദമായി വിഷയം പഠിക്കുകയും നിയമവശങ്ങൾ പരിശോധിക്കുകയുമാണ് കോഴിക്കോട് സിറ്റി പോലീസ്. അതുകൊണ്ട് തന്നെ കേസെടുക്കാറായിട്ടില്ല.
നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ, എന്ന മോഹന്‍ലാല്‍ ഗാനത്തിന്റെ അകമ്പടിയിൽ ബോബി ചെമ്മണ്ണൂർ പാടി അഭിനയിക്കുകയാണ് പരസ്യത്തിൽ. ചെത്തുകാരൻ്റെ ലുക്കിൽ, കള്ളുകുടവും അരയിൽ തൂക്കി സൈക്കിൾ ചവിട്ടി ഷാപ്പിലെത്തി എല്ലാവർക്കും കള്ളൊഴിച്ച് നൽകുന്നതായാണ് ചിത്രീകരണം. ഒപ്പം മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും ഗുണമുള്ള പാനീയമാണ് കള്ള് എന്നെല്ലാമുള്ള മഹത്വവൽക്കരണ ഡയലോഗുകളും. മറഡോണ ഹട്ട് എന്ന പേരിൽ വൈപ്പിനിൽ തുറന്ന സ്റ്റാർ കള്ളുഷാപ്പിൽ എല്ലാവരും ചേർന്ന് ആടിപ്പാടുന്ന വീഡിയോയും ഒപ്പമുണ്ട്.
നിയമം പഠിക്കുകയാണ് പോലീസ്; ഒന്നുമറിയില്ലെന്ന് കോഴിക്കോട് കമ്മിഷണർ
ബോബിയുടെ പേരിലുള്ള പേജിലല്ല മറ്റ് പലരുടെ പേജുകളിലൂടെയാണ് ഈ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. എല്ലാത്തിലെയും നായകൻ ബോബി തന്നെ. ഇവയുടെ ലിങ്ക് സഹിതം ഈ മാസം ആറിനാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ സി.ഡി. ശ്രീനീവാസൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ലഭിച്ച കാര്യം നടക്കാവ് എസ്ഐ എന്‍.ലീല മാധ്യമ സിന്‍ഡിക്കറ്റിനോട് സ്ഥിരീകരിച്ചു. ‘വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ മേല്‍ നടപടികള്‍ സ്വീകരിക്കും’-ലീല പറയുന്നു. എന്നാൽ ഒരാഴ്ചക്ക് ശേഷവും നടപടി ഉണ്ടായിട്ടില്ലെന്ന് മാധ്യമ സിൻഡിക്കറ്റ് സ്ഥിരീകരിച്ചു. രണ്ടാഴ്ച തുടർച്ചയായി വിളിച്ചിട്ടും നടക്കാവ് സ്റ്റേഷൻ ഹൌസ് ഓഫീസറെ ഫോണിൽ കിട്ടാത്തതിനാൽ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയെ മാധ്യമ സിന്‍ഡിക്കറ്റ് ബന്ധപ്പെട്ടു. പരാതിയെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പ്രതികരണം.
വീഡിയോ കണ്ടില്ലെന്ന് എക്സൈസ്; സ്വമേധയാ കേസെടുക്കാൻ പറ്റില്ലെന്ന് ഞാറക്കല്‍ ഇൻസ്പെക്ടർ
പോലീസിനും എക്സൈസിനും കേസെടുക്കാന്‍ തുല്യ അധികാരമുണ്ട്. ചെമ്മണ്ണൂരിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി.ഡെനിമോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പരസ്യത്തിന്റെ ലിങ്ക് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും കേസെടുത്തിട്ടില്ല. ഞാറക്കല്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.സി.ബൈജുവിനെ മാധ്യമ സിന്‍ഡിക്കറ്റ് ബന്ധപ്പെട്ടെങ്കിലും പരാതി ലഭിച്ചില്ല എന്നായിരുന്നു പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസിലെ സൈബര്‍ വിംഗില്‍ നിന്ന് നിര്‍ദ്ദേശം വന്നാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് ഇന്‍സ്പെക്ടറുടെ നിലപാട്.
വിടാതെ പരാതിക്കാരൻ, നേരിട്ട് കമ്മീഷണറെ സമീപിക്കുന്നു
പോലീസ് നടപടി സ്വീകരിക്കാത്തതിനാൽ പരാതിയുമായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറെ നേരിട്ട് സമീപിച്ചിരിക്കുകയാണ് പരാതിക്കാരൻ. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് സി.ഡി. ശ്രീനീവാസൻ അറിയിച്ചു. പലവിധ പ്രകടനങ്ങളുമായി സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്ന ബോബി ചെമ്മണ്ണൂർ കാട്ടിക്കൂട്ടുന്നതൊന്നും അംഗീകരിക്കാവുന്നതല്ല. എന്നാൽ മദ്യത്തെ ഈ വിധത്തിൽ മഹത്വവൽക്കരിക്കുന്നത് ഒട്ടും അനുവദിക്കാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ നിയമപരമായി ഏതറ്റംവരെ പോകുമെന്നും പരാതിക്കാരൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here