ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിന് ഡിസിസി അംഗത്തിനെതിരെ കേസ്; രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ളത് മോര്‍ഫ് ചെയ്ത ചിത്രമെന്ന് പരാതി

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന ഇപിയുടെ ഭാര്യ പി.കെ ഇന്ദിരയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ദിരയുടെ പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
സിപിഎം-ബിജെപി ബന്ധത്തിന് ഇടനിലക്കാരനാണ് ഇടതുമുന്നണി കണ്‍വീനര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇ.പി ജയരാജന്റെ കുടുംബവും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്. ഇപി ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബിജെപിക്ക് വഴിയൊരുക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചന്ദ്രശേഖറിന്റെ കമ്പനി പ്രതിനിധികളും ഇപിയുടെ ഭാര്യയും മകനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് തന്നെയും ഭർത്താവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ഇന്ദിര പരാതിയിൽ പറഞ്ഞു. കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് ഇപിയുടെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി എടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here