സിനിമ മാത്രമല്ല മാതൃഭൂമിയും സ്ത്രീസൗഹൃദമല്ലെന്ന് വിളിച്ചുപറഞ്ഞ് ജേർണലിസ്റ്റിൻ്റെ രാജി!! എച്ച്ആർ മേധാവി പ്രതിയായ കേസിൽ തെളിവെടുപ്പ്

17 വര്‍ഷത്തെ ജോലിക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമിയുടെ പടിയിറങ്ങിയ അഞ്ജന ശശിയുടെ പരാതിയിൽ പോലീസെടുത്ത കേസിൽ നിലവിൽ മാതൃഭൂമിയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ (എച്ച്ആര്‍) ജി.ആനന്ദ് പ്രതിസ്ഥാനത്താണ്. എന്നാൽ രാജിയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ച് പരാതിക്കാരി ഇന്ന് രംഗത്ത് എത്തിയതോടെ മാതൃഭൂമി മാനേജ്മെൻ്റും പ്രതിക്കൂട്ടിലാകുകയാണ്. കാബിനില്‍ വിളിച്ചുവരുത്തി അശ്ലീല ആംഗ്യം കാണിക്കുകയും അതീവ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ നടപടിയില്ലാതെ മൂന്നു വർഷമാണ് മാതൃഭൂമി നീട്ടിക്കൊണ്ടുപോയത്. ഈ കാലയളവിലെല്ലാം പത്രത്തിന്റെ എംഡി അടക്കമുള്ളവർ പരാതി ഒഴിവാക്കാൻ ആവശ്യപ്പെട്ടു എന്നാണ് അഞ്ജന ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ഇതിനെക്കുറിച്ച് അഞ്ജന മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത് ഇങ്ങനെ: “അസുഖബാധിതയായതിനാല്‍ രാത്രി ഷിഫ്റ്റിലെ ജോലിയില്‍ നിന്നും മാതൃഭൂമി എന്നെ ഒഴിവാക്കിയിരുന്നു. എന്നാല്‍ എഡിറ്റര്‍ മാറിയപ്പോൾ രാത്രി ഷിഫ്റ്റിലേക്ക് വീണ്ടും മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ എച്ച്ആര്‍ ജനറല്‍ മാനേജര്‍ വിളിപ്പിച്ചത് പ്രകാരമാണ് കാബിനില്‍ എത്തിയത്. രാത്രി ഷിഫ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ എച്ച്ആര്‍ ജനറല്‍ മാനേജര്‍ ആയ ജി.ആനന്ദ് തയ്യാറായില്ല. സംസാരം നടക്കുമ്പോള്‍ അദ്ദേഹം അശ്ലീല ആംഗ്യം കാണിക്കുകയും ലൈംഗികാര്‍ത്ഥത്തിലുള്ള പദപ്രയോഗം നടത്തുകയും ചെയ്തു. ഇതോടെ ഞെട്ടിപ്പോയ ഞാന്‍ പുറത്തിറങ്ങി. കരച്ചിൽ വന്ന് അവിടെ നിൽക്കുമ്പോൾ അത് കണ്ട ന്യൂസ് എഡിറ്റര്‍ തന്നെയാണ് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. ഈ പരാതിയാണ് മൂന്ന് വര്‍ഷം മാനേജ്മെന്റ് പിടിച്ചുവച്ചത്.”

മാതൃഭൂമിയിലെ ഉന്നതരുടെ ഇടപെടലിനെക്കുറിച്ച് അഞ്ജന ഇങ്ങനെ പറയുന്നു: “സ്ഥാപനത്തിന് മോശമായതിനാല്‍ ഈ പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ജോയിന്റ് മാനേജിംഗ് എഡിറ്റര്‍ ആയ പി.വി.നിധീഷ് എന്നോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും രാത്രി ഷിഫ്റ്റില്‍ ഉള്‍പ്പെടുത്തി പീഡനം തുടങ്ങുകയും അര്‍ഹമായ പ്രമോഷന്‍ എനിക്ക് മാത്രം നല്‍കാതിരിക്കുകയും ചെയ്തു. എന്റെ പരാതിയുടെ കാര്യം വീണ്ടും പറഞ്ഞപ്പോള്‍, ഇൻ്റേണല്‍ കമ്മറ്റി പരാതി പരിഗണിക്കുകയും എന്നാല്‍ പ്രതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എൻ്റെ പ്രമോഷന്‍ തടഞ്ഞുവച്ചതിനാല്‍ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിലപാടാണ് മാനേജ്മെന്റ് കൈക്കൊണ്ടത്. എല്ലാം അറിയുന്ന മാനേജ്മെന്റ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചപ്പോഴാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി”

ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് കോഴിക്കോട് ടൌൺ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പിന്നാലെ പരാതിക്കാരിയുമായി മാതൃഭൂമിയുടെ കോഴിക്കോട് ആസ്ഥാനത്തെത്തിയ അന്വേഷണസംഘം, സംഭവം നടന്ന എച്ച്ആർ മാനേജറുടെ ക്യാബിനിൽ നിന്ന് കൃത്യസ്ഥല മഹസർ തയ്യാറാക്കുകയും തെളിവെടുക്കുകയും ചെയ്തു. കോടതിക്ക് റിപ്പോർട്ട് നൽകി അഞ്ജന ശശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആനന്ദിനെ പ്രതിചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. താൻ മുന്നിട്ടിറങ്ങിയ ശേഷം ഇതേ പ്രതിക്കെതിരെ കൂടുതൽ സ്ത്രീകൾ വെളിപ്പെടുത്തൽ നടത്തുന്നുണ്ടെന്നും എല്ലാവർക്കും വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും അഞ്ജന പറയുന്നു.

ഫെയ്സ് ബുക്ക്‌ പോസ്റ്റിൻ്റെ പൂര്‍ണരൂപം:

ഞാൻ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു!

എന്തിന് രാജിവെച്ചു? സ്ഥാപനത്തിനുള്ളിൽ നിന്നുതന്നെ പോരാടാമായിരുന്നില്ലേ? എന്നൊക്കെ രാജി വിവരം അറിഞ്ഞപ്പോൾ പലരും ചോദിച്ചിരുന്നു. ഇത്തരത്തിൽ ഫോണിലും നേരിട്ടുമൊക്കെ ചോദിച്ചവരോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നു എന്നത് പിന്നീട് വിശദമായി എഴുതാം എന്നും പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ആദ്യ പോസ്റ്റാണിത്.

മാതൃഭൂമി പത്രത്തിൽ നിന്നും കഴിഞ്ഞ 17 വർഷത്തെ സേവനത്തിനുശേഷം സെപ്റ്റംബർ 28 ന് ആണ് രാജി നൽകിയത്. ദ്വയാത്ഥ പ്രയോഗ വിദഗ്ദ്ധനായ, അശ്ലീല ആംഗ്യ ഭാഷയോട് അമിതമായ അഭിനിവേശമുള്ള, തീർത്തും സ്ത്രീവിരുദ്ധനായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അന്ന് തൊട്ട് രഹസ്യമായും പരസ്യമായും പ്രസ്തുത വ്യക്തി എനിക്കെതിരെ നടത്തിവന്ന പ്രതികാര നടപടികൾ എല്ലാ പരിധികളും ലംഘിച്ചപ്പോഴാണ് രാജിവെച്ച് നിയമവ്യവസ്ഥയുടെ പിന്തുണയോടെ പോരാടാം എന്ന തീരുമാനത്തിലെത്തിയത്.

പരസ്യപ്രതികരണത്തിനുമുമ്പ് നിയമവഴിയിൽ ചെയ്തുതീർക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നെ അവഹേളിച്ച സീനിയർ ജനറൽ മാനേജറെ വെള്ളപൂശിക്കൊണ്ട് സ്ഥാപനം (ആ വ്യക്തി തന്നെ) തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സഹിതം കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പ്രസ്ക്ലബ്ബ് സുഹൃത്തുക്കളോടൊപ്പംപോയി അയാൾക്കെതിരെ പരാതി നൽകുക എന്നതാണ് ആദ്യം ചെയ്തത്. മാതൃഭൂമിയിൽ ഒന്നോ രണ്ടോ മാസത്തിൽ സാധാരണ എല്ലാ ICC അന്വേഷണവും പൂർത്തിയാകാറുണ്ട്. എന്നാൽ എന്റെ പുന: പരാതിയിലുള്ള അന്വേഷണം മാത്രം മാസങ്ങൾ വലിച്ചുനീട്ടപ്പെട്ടിരുന്നതിനാൽ പരാതി പോലീസിലെത്തുമ്പോഴേക്കും സംഭവദിവസത്തിൽ നിന്ന് മൂന്നുവർഷം പിന്നിട്ടു.

ആയതിനാൽ IPC 509 പ്രകാരം കേസെടുക്കാനാകുമോ എന്ന് പോലീസ് ഒന്ന് ശങ്കിക്കുകയും നിയമോപദേശത്തിനായി പരാതി പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനക്ക് വിടുകയും ചെയ്തു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ സ്ഥാപന ഉടമയ്ക്ക് പരാതി നൽകിയത് തെളിവായി ഉള്ളതിനാൽ അത് പരിഗണിച്ച് കേസെടുക്കാം എന്ന നിയമോപദേശം പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് ലഭിച്ചതിനാൽ രതിഭാഷ വിദ്ഗ്ധനെതിരെ 0739/2024 നമ്പറിൽ FIR ചെയ്യപ്പെട്ടു. വലിയ സന്തോഷം!

രാജി വാർത്തയായപ്പോഴാണ് ടിയാനെക്കുറിച്ചുള്ള പരാതി പ്രളയങ്ങളും പിന്നാമ്പുറക്കഥകളും എന്നെ തേടിയെത്തിയത്. കമ്പനിയുടെ FM വിഭാഗത്തിലെ 15 ഓളം പേരുള്ള മീറ്റിഗിനിടയിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ഭാരം കൂടുതലാണെന്ന് പരാതി പറഞ്ഞ കുഞ്ഞുപ്രായമുള്ള RJ പെൺകുട്ടികളോട് “ജോലിഭാരം കൂടുന്നതിന് മാത്രമേ നിങ്ങൾക്ക് പ്രശ്നമുള്ളോ? രാത്രിയിലെ രതിഭാരം ഒരു പ്രശ്നമാവുന്നില്ലേ ??!!” എന്ന് വൃത്തികെട്ട ശരീരഭാഷയോടെ പറഞ്ഞതും അതുകേട്ട് അവർ കണ്ണുതള്ളിനിന്നതും ഞാനറിഞ്ഞ ഒരു സംഭവം.

കൊച്ചി യൂണിറ്റിലെ എഡിറ്റോറിയൽ മീറ്റിംഗിൽ പത്രക്കാരെ പേജിനേഷൻ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അന്ന് HR വിദഗ്ധനായിരുന്ന ടിയാൻ, (കേൾക്കുമ്പോൾ ചിരിവരുന്നുണ്ട് അല്ലേ!) “പേജു ചെയ്യേണ്ടത് ഇങ്ങനെയല്ല, ഒരു രതിസുഖം അനുഭവിക്കുന്ന പോലെ വേണം പേജിനേഷനിലേർപ്പെടാൻ” എന്നൊക്കെ സ്വതസിദ്ധമായ വഷളൻ ഭാവത്തോടെ വളരെ സീരിയസായി തട്ടിവിട്ടിട്ടുണ്ടത്രേ.. (അതും വളരെ സീനിയറായ എല്ലാവരും ബഹുമാനിക്കുന്ന ഒരു മുതിർന്ന പത്രപ്രവർത്തകവരെ ഉൾപ്പെട്ട മീറ്റിംഗിൽ! )

ഇത്തരത്തിൽ ‘രതിഭാരം’ നാവിൽനിന്നിറക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഈ ചാമി എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ‍ എന്നെ റൂമിൽ വിളിച്ചുവരുത്തി അവഹേളിച്ചതിനുള്ള പരാതി പണ്ടേക്കുപണ്ടേ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ റജിസ്ട്രർ ചെയ്യപ്പെടുമായിരുന്നു. എന്തായാലും ഇനിയും വിട്ടാൽ ശരിയാകില്ല എന്ന ഉറച്ച തീരുമാനത്തിൽ പോലീസിനൊപ്പം മാതൃഭൂമിയുടെ പടികൾ ഒരിക്കൽ കൂടി കയറി.

അന്ന് ആ മനുഷ്യൻ ഇരിക്കുകയും എന്നെ അവഹേളിക്കുകയും തിളച്ച് മറിയുകയും ചെയ്ത ആ പീഡന മുറി അന്വേണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർക്ക് കാണിച്ചുകൊടുത്തു. പൊലീസ് ഉദ്യോഗ്സഥർ തങ്ങളുടെ ക്രൈം സീൻ നടപടികൾ പൂർത്തിയാക്കുമ്പോൾ, ഞാൻ അനുഭവിച്ച അവഹേളനത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് തിക്കിക്കയറി വന്നത് മറയ്ക്കാനായി പതിവുപോലെ ചിരിക്കുകയും ചുറ്റും കണ്ട ആളുകളോട് സംസാരിക്കുകയും ചെയ്തു.

തൊട്ടടുത്തൊരു ദിവസം തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ചുള്ള 164 എ പ്രകാരമുള്ള രഹസ്യമൊഴി നൽകി. പിന്നീട് മാതൃഭൂമിയിൽ എന്റെ പരാതി അന്വേഷിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ (ICC) ഘടനയെക്കുറിച്ചും റിപ്പോർട്ടിലെ പൊരുത്തക്കേടുകളെക്കുറിച്ചും ആരോപണവിധേയനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള കമ്മറ്റിയുടെ വെള്ള പൂശലിനുമെതിരെയും നിയമ നടപടി സ്വീകരിക്കുക എന്നതായിരുന്നു അടുത്തപടി. തൊഴിൽവകുപ്പിലെ റീജിയണൽ ജോയിന്റെ കമ്മീഷണർക്ക് നിയമവിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അപ്പീൽ സമർപ്പിച്ചു. അവിടെനിന്ന് ഹൈക്കോടതിയിലേക്ക് അപ്പീൽ റഫർ ചെയ്യാനാണ് സാധ്യതയെന്നതിനാൽ ബഹു. ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഞാൻ.

എന്റെ കൂടെ ആളെക്കൂട്ടി, എനിക്കനുകൂലമായി “ഗ്വാ ഗ്വാ” വിളികൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ എന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ നേരത്തേ വന്നേനെ! എന്നാൽ അതിനപ്പുറം ഒരു സ്ത്രീക്ക് ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് എന്ത് നീതികിട്ടും എന്നറിയാനുള്ള അന്വേഷണം കൂടിയാക്കി ഇതിനെ മാറ്റുക എന്നതാണ് ഇക്കാര്യത്തിൽ ഞാൻ കൈക്കൊണ്ട സമീപനം. അതുകൊണ്ടാണ് ഈ നിലയത്തിൽ നിന്ന് ഇക്കാര്യത്തിൽ ഇതുവരെ FB പോസ്റ്റുകൾ കാണാതിരുന്നത്. എന്തായാലും സിനിമയെപ്പോലെ പത്രപ്രവർത്തനമേഖലയും ഒട്ടും സ്തീ സൗഹൃദമല്ല എന്ന എന്റെ വലിയ തിരിച്ചറിവ് ഇനിയുള്ള യാത്രകളിൽ നിരവധി പേർക്ക് കരുത്തേകും എന്നുതന്നെയാണ് വിശ്വാസം.

തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന ഹരാസ്മെന്റുകൾക്ക് എതിരെ സംരക്ഷണം നൽകുക എന്ന ഉദ്ദേശത്തിൽ 2013 ലെ POSH Act പ്രകാരം പല തൊഴിലിടങ്ങളിലും തൊഴിലുടമയാൽ രൂപീകരിക്കപ്പെടുന്ന ഇന്റേണൽ കംപ്ലെയൻസ് കമ്മിറ്റി എന്ന സംവിധാനത്തിന് മിക്കയിടത്തും ഒരു കുഴപ്പമുണ്ട്. ആരോപണവിധേയൻ താഴേക്കിടയിലുള്ള ഒരു തൊഴിലാളി ആണെങ്കിൽ ചിലപ്പോൾ ഐ സി സി കമ്മിറ്റികൾ സ്ത്രീപക്ഷത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ ആരോപണവിധേയന്റെ കാര്യത്തിൽ തീരുമാനമാക്കും. മിക്കപ്പോഴും അവൻ പിന്നെ സ്ഥാപനത്തിൽ കാണില്ല!

ഇനി ആരോപണവിധേയൻ ടോപ് മാനേജ്മെന്റ് പൊസിഷനിൽ ഇരിക്കുന്ന ആരെങ്കിലും ആണെങ്കിലോ?

ലോകത്തിലെ ഏറ്റവും മുട്ടിലിഴയുന്ന കൂട്ടായ്മയെ നിങ്ങൾക്ക് കാണാം. “എന്റെ തമ്പ്രാൻ നല്ലോനാ, അങ്ങേരിതൊന്നും ചെയ്യൂല” എന്ന് ആദ്യം ആര് പറയണം എങ്ങനെ പറയണം എന്ന മൽസരം മാത്രമായിരിക്കും ആരോപണവിധേയന്റെ താഴെ ജോലിയെടുക്കുന്ന കമ്മിറ്റി അഗങ്ങൾക്ക്! ഇനി ആർക്കെങ്കിലും മറിച്ചെന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പിന്നെ അവർക്ക് ആ സ്ഥാപനത്തിൽ ജോലിയിൽ തുടരുക ബുദ്ധിമുട്ടായിരിക്കും! അതിലും നല്ലത് ആരോപണമുന്നയിച്ച ഇരയെ ഒരു വഴിക്കാക്കി അവരെ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകാൻ വഴിയൊരുക്കുക എന്നതാണ്.

ആരോപണ വിധേയൻ ഉയർന്ന സാമൂഹിക പശ്ചാത്തലമുള്ളവനാണെങ്കിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഖാപ്പ് പഞ്ചായത്തുകൾ കാണിക്കുന്ന സർക്കസുകളിൽ നിന്ന് ഒരു വ്യത്യാസവും ICC കളിൽ നിന്ന് പ്രതീക്ഷിക്കരുത്. പണ്ടാണെങ്കിൽ നല്ലോണം സദ്യയും പാൽപ്പായവും വിരിക്കാൻ മെത്തപ്പായയും കിട്ടുന്നതായിരുന്നു സ്മാർത്ത വിചാരണകൂട്ടായ്മയിലേക്ക് ആളുകൾ ഇടിച്ചുകയറാൻ കാരണം. ഇന്ന് Ac ട്രെയിൻ ടിക്കറ്റും പഞ്ച നക്ഷത്ര ഹോട്ടൽ സൗകര്യങ്ങളും അലവൻസുമെന്ന മാറ്റമുണ്ട് എന്നുമാത്രം!!! പിന്നെ ആരോപണവിധേയനെ രക്ഷിച്ചെടുത്താൽ ജോലിയിൽ തുടരാം മുടങ്ങാതെ ശമ്പളം വാങ്ങാം, അഥവാ കത്ത് നൽകി പിരിഞ്ഞുപോകാനിരിക്കുകയാണെങ്കിൽ അതുവരെയുള്ള ആനുകൂല്യങ്ങൾ ഒട്ടും കുറയാതെ വാങ്ങാം തുടങ്ങിയ മെച്ചങ്ങളും!

ദ്വയാർത്ഥ തൊഴിലാളി പീഢകനിൽ നിന്ന് ഞാനുൾപ്പെടെ ഒരാൾക്കും ഇനി ഇത്തരം അനുഭവങ്ങൾ ഉണ്ടാകില്ല എന്നും പ്രതികാര നടപടികൾ ഉണ്ടാകില്ല എന്നുമുള്ള മാനേജ്മെന്റിന്റെ ഉറപ്പ് വിശ്വസിച്ചാണ് ഇത്രകാലം മാതൃഭൂമിയിൽ തുടർന്നത്. ഈ പ്രശ്നങ്ങൾക്കിടയിലും ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ല. ഇക്കാലയളവിൽ മെമ്മോ/ കാണിക്കൽ നോട്ടീസ് ഒന്നുപോലും എനിക്ക് കൈപ്പറ്റേണ്ടി വന്നിട്ടില്ല!

എന്നാൽ അന്വേഷണത്തിൽ പ്രമോഷൻ തടഞ്ഞതിലുള്ള പകയിൽ ഞാൻ ഉന്നയിച്ച വ്യാജപരാതിയാണ് ഇത് എന്ന പ്രതിയുടെ വാദം അതേ പടി മാനേജ്മെന്റിന് നിവർത്തികേടുകൊണ്ട് ഏറ്റെടുക്കേണ്ടിവന്നപ്പോൾ എനിക്ക് പ്രമോഷനല്ല, ഈ വിഷയത്തിൽ ഞാനുൾപ്പെടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും ഉളള നീതിയാണ് വേണ്ടതെന്ന നിലപാട് ഉറക്കെ പ്രഖ്യാപിക്കാനാണ് ഞാൻ രാജി വെച്ചത്.!

സ്ഥാപനത്തിന് പുറത്തുപോയ ഒരാൾക്ക് പ്രമോഷൻ ലഭിക്കേണ്ടതില്ലല്ലോ!

ആയതുകൊണ്ട് സ്ത്രീ ജനങ്ങളെ, വഷളനായ ഒരു ഉയർന്ന സഹപ്രവർത്തകനിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാൽ ഒരിക്കലും മാനേജ്മെന്റിനോട് പരാതി പറഞ്ഞ് അവർക്ക് അത് ഒതുക്കി തീർക്കാനോ ഒത്തുതീർപ്പാക്കാനോ അവസരം നൽകരുത്. നേരെ പോയി ഒരു പോലീസ് കംപ്ലെയിന്റ് നൽകുക. ടോപ് മാനേജ്മെന‍്റിൽ ഉള്ള ഒരാൾക്കെതിരെയും ഒരു ഇന്റേണൽ കമ്മിറ്റിയും എതിർ റിപ്പോർട്ട് നൽകാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കുക!

എന്തുകൊണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ ഞാനൊരു ഉദാഹരണം പറയാം. ഗോവിന്ദച്ചാമിയുടെ അച്ഛൻ റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന് കരുതുക. വേറെവിടെയും ജോലി കിട്ടിയാലും അവിടെയൊന്നും ഗതിപിടിക്കാൻ സാധ്യതയില്ല എന്നറിയുന്നതിനാൽ സ്വാഭാവികമായും മകനെ അയാൾ റെയിൽവേയിൽ തിരുകിക്കയറ്റും. കൈയിലിരുപ്പ് കാരണം സ്ഥാപനത്തിൽ നിന്ന് പണ്ടൊരിക്കൽ പുറത്തായെങ്കിലും പഠിച്ച തൊഴിൽവെച്ച് വേറെയെവിടെയും ഗതിപിടിക്കാത്തതിനാൽ വീണ്ടും ശുപാർശയിൽ റെയിൽവേയിൽതന്നെ തിരിച്ചുകയറാൻ ചാമിക്ക് പറ്റി എന്നും വിചാരിക്കുക! ഇങ്ങനയിരിക്കുമ്പോൾ റെയിൽവേയുടെ ചില ഉന്നതരുടെ ചില രഹസ്യങ്ങളുടെ താക്കോൽ കഷ്ടകാലത്തിന് ആളുടെ കൈയിൽതന്നെ കിട്ടുന്നു. (കഷ്ടകാലം ഏതു നല്ല സ്ഥാപനത്തിലേക്കും മനുഷ്യരൂപത്തിൽ ട്രെയിൻ കയറി വരാം!). സ്വാഭാവികമായും ആൾ റെയിൽവേയിൽ ഉന്നത പദവയിലേക്ക് തടസമില്ലാതെ ഒഴുകിനീങ്ങും!

ഇങ്ങനെയൊക്കെ ശക്തനായി വളർന്നു പടർന്നു പന്തലിച്ച ചാമിയദ്ദേഹം ട്രെയിനിൽ യാത്രചെയ്യുമ്പോൾ വാക്കുകൾകൊണ്ടും ആംഗ്യംകൊണ്ടും അപമാനിച്ചു എന്ന് മറ്റൊരു റെയിൽവേ ജീവനക്കാരി പരാതി ഉന്നയിക്കുന്ന സാഹചര്യം വന്നു എന്നും ഈ പരാതി പോലീസിന് പോകാതെ റെയിൽവേയിലെ ചാമിയുടെയും ബോസിനാണ് സമർപ്പിക്കുന്നത് എന്ന് വെക്കുക.

തീർച്ചയായും ഒത്തുതീർപ്പ് ശ്രമങ്ങളായിരിക്കും ആദ്യം നടക്കുക. പിന്നെ അവശേഷിക്കുന്ന വഴി ICC അന്വേഷണമാണ്! അതു പ്രഖ്യാപിക്കപ്പെട്ടാൽ കഷ്ടകാലത്തിന് ഗോവിന്ദച്ചാമി സ്വന്തമായി ഒരു മൊഴി എഴുതി നൽകും. അയാൾ എന്തു എഴുതി നൽകിയാലും അടിയിൽ ഒപ്പിടുന്ന ശിൽബന്ധികൾ അതിനടിയിൽ ശൂ വരക്കും.!

ഞാൻ അന്നേദിവസം ട്രെയിനിലേ ഉണ്ടായിരുന്നില്ല എന്നൊരു മൊഴിയായിരിക്കും മിക്കപ്പോഴും നൽകുക മലയാളത്തിൽ തെറിപറഞ്ഞ ആൾ മിക്കപ്പോഴും എനിക്ക് മലയാളം അത്ര ഈശിയല്ല! ഞാൻ ഇംഗ്ലീഷ് മാത്രമേ സഹപ്രവർത്തകരോട് സ്പീച്ചാറുള്ളു എന്നൊക്കെ ചിലപ്പോൾ ചാമി മൊഴി നൽകും.

ശിങ്കിടികൾ അതിൽ സംശയമേയില്ല എന്ന മട്ടിൽ വാലിട്ടടിച്ച് അതും അംഗീകരിക്കും!!!

ഇതാണ് ICC വന്നതുകൊണ്ട് ഉന്നത ഗോവിന്ദച്ചാമിമാർക്കുണ്ടായ ഗുണം! ദോഷമെന്താണെന്നുവെച്ചാൽ പിന്നീടൊരിക്കൽ ദൗർഭാഗ്യകരമായ ഒരു ദിനത്തിൽ മുന്നിൽപെടുന്ന പാവം സൗമ്യമാർക്ക് ഇയാളുടെ രതിഭാരം കാരണം ജീവൻ നഷ്ടപ്പെടാൻ സാധ്യത തെളിയുന്നു എന്നതാണ്.

പക്ഷേ ഇതേ കേസ് പോലീസ് അന്വേഷത്തിലേക്ക് പോയിരുന്നെങ്കിലോ? പോലീസിന് ശമ്പളം നൽകുന്നത് റെയിൽവേ അല്ലാത്തതിനാലും അന്വേഷണ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനോ ഉപദ്രവിക്കാനോ റെയിൽവേയിലെ ചാമി അനുകൂലികൾക്ക് സാധിക്കാത്തതിനാലും അന്വേഷണം അതിന്റെ വഴിക്ക് നടക്കും. സൗമ്യമാർ ഭാവിയിൽ സുരക്ഷിതരായിരിക്കും!

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top