ട്രാൻസ്പോർട്ട് ബസ് തടഞ്ഞ മേയർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി; യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചെന്ന് കെപിസിസി സെക്രട്ടറി പ്രാണകുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തുകയും യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും ചെയ്ത മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ.സി.ആര്‍. പ്രാണകുമാര്‍ മനുഷ്യവകാശ കമ്മീഷിനെ സമീപിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവിനും ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യ കാറില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആർടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയര്‍ ബസ് തടഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ എംഎല്‍എ തെറിവിളിച്ചെന്നും മേയര്‍ മോശമായി പെരുമാറിയെന്നും ഡ്രൈവര്‍ എച്ച്.എൽ.യദു പരാതിപ്പെട്ടു. മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാൻ ഇത് വരെ തയ്യാറായിട്ടില്ല.

ഏതൊരു പൗരനും പൊതുനിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏപ്രിൽ 27 ന് രാത്രി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും, സച്ചിന്‍ ദേവ് എംഎല്‍എയും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രക്കാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ ലംഘനമുണ്ടായെന്നാണ് പ്രാണകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അത് പരിഹരിക്കാന്‍ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണെന്നും പ്രാണകുമാര്‍ മനുഷ്യവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

മേയറുടെ പരാതിൽ പൊലീസ് ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുചുമത്തിയാണ് കേസെടുത്തത്. ഗതാഗതമന്ത്രിക്ക് മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംപാനല്‍ ഡ്രൈവറായ യദുവിനെ തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top