മന്ത്രിക്കെതിരെ മുഖ്യമന്ത്രിയെ സമീപിച്ച പരാതിക്കാരന്‍ യൂസഫ് പറയുന്നു; “ദേവര്‍ കോവില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നു; തന്നെ ജീവിക്കാന്‍ അനുവദിക്കണം”

തിരുവനന്തപുരം: നിയമത്തെ മറയാക്കി തനിക്ക് നല്‍കാനുള്ള 63 ലക്ഷം നല്കാതിരിക്കാനാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ശ്രമിക്കുന്നതെന്ന് ഇന്നലെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വടകര സ്വദേശി എ.കെ.യൂസഫ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഹൈക്കോടതിയെ സമീപിച്ച് കേസ് നീട്ടിക്കൊണ്ട് പോകാനാണ് മന്ത്രി ശ്രമിക്കുന്നത്. നീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് മൂന്നാം തവണയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്”.- യൂസഫ്‌ പറയുന്നു.

എട്ട് വര്‍ഷം മുന്‍പുള്ള പണമിടപാടാണ് വിവാദത്തിന്റെ രൂപത്തില്‍ മന്ത്രിയെ പിന്തുടരുന്നത്. വിന്‍വേ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്ന മഞ്ചേരിയിലുള്ള സ്ഥാപനത്തിന്‍റെ പാര്‍ട്ട്ണറാകാനാണ് സ്ഥാപനം നടത്തിയ സലീമിനും അംഷാദിനുമായി യൂസഫ്‌ 50 ലക്ഷം നല്‍കിയത്. വരുമാനം ലഭിക്കാത്തതിനാല്‍ തുക തിരികെ ചോദിച്ചു. ഈ ഘട്ടത്തില്‍ അവര്‍ സ്ഥാപനം അഹമ്മദ് ദേവര്‍ കോവിലിന് കൈമാറുകയും അദ്ദേഹം മാനേജിംഗ് പാര്‍ട്ട്ണറായി മാറുകയും ചെയ്തു. ഇതോടെ കാശ് നല്‍കാനുള്ള ഉത്തരവാദിത്തം മന്ത്രിയുടെ ചുമലിലായി.

മുന്‍ ഉടമസ്ഥര്‍ 50 ലക്ഷം രൂപയുടെ ചെക്ക് യൂസഫിന് കൈമാറിയെങ്കിലും പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. യൂസഫ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 50 ലക്ഷം പലിശ ഉള്‍പ്പെടെ 63 ലക്ഷം രൂപ നല്‍കാനും മന്ത്രിക്കും മുന്‍ പാര്‍ട്ട്ണര്‍മാര്‍ക്കും രണ്ട് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. മന്ത്രിയുടെ അപ്പീലില്‍ തടവ്ശിക്ഷ ഒഴിവായെങ്കിലും തുക നല്‍കാന്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മാറാട്) വിധിച്ചു. ഇതിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിക്കെതിരെ യൂസഫും ഹൈക്കോടതിയിലെത്തി.

“മന്ത്രിക്ക് കൈമലര്‍ത്താന്‍ കഴിയില്ല. സ്ഥാപനം അഹമ്മദ് ദേവര്‍ കോവില്‍ ഏറ്റെടുത്തതാണ്. സ്ഥാപനത്തിനുള്ള ബാധ്യത അത് ഏറ്റെടുക്കുന്നവര്‍ക്കാണ്. ഇത് തന്നെയാണ് കോടതിയും വിധിച്ചത്”.-യൂസഫ്‌ പറയുന്നു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി:

“അഹമ്മദ് പി. എന്ന അഹമ്മദ് കോവിലിനെതിരെ 31-3-2022-ലും 02-08-2022ലും ഞാന്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു പ്രതികരണവും വന്നിട്ടില്ല. ബിസിനസിലെ സാമ്പത്തിക തകര്‍ച്ചമൂലം ഞാനും എന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇടത് സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സാധാരണ പൗരന് നിയമപരിരക്ഷയും അവകാശങ്ങളും മുഖ്യമന്ത്രി ഇടപെടും എന്ന് തന്നെയാണ് എന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. അല്ലാത്ത പക്ഷം പരാതി പരസ്യപ്പെടുത്തുകയും കോടതി വഴി നീതി നേടിയെടുക്കുകയും ചെയ്യുകയാണ് മുന്നിലുള്ള ഏക മാര്‍ഗം.”-പരാതിയില്‍ പറയുന്നു.

തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞത്. ” കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയര്‍ന്നിരുന്നു”- മന്ത്രി പറഞ്ഞു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top