വൈദികവേഷത്തിൽ കറക്കം, ഫോണിൽ തെറിവിളി; 17കാരൻ്റെ വികൃതി അതിരുവിട്ടപ്പോൾ കള്ളനാക്കി സോഷ്യൽമീഡിയ പ്രചാരണം

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പയ്യൻ്റെ വിക്രിയകളില്‍ വലഞ്ഞ് കട്ടപ്പനയിലെ നാട്ടുകാരും പോലീസും. വൈദികന്‍റെ വേഷത്തിലിറങ്ങി നടന്ന് ആളുകളെ കബളിപ്പിക്കുകയും ചോദ്യം ചെയ്താൽ തെറിവിളിക്കുകയുമൊക്കെയാണ് രീതി. തനിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിൻ്റെ വീട്ടിൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയും പോലീസിന് കിട്ടിയിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടിയെ തട്ടിപ്പുകാരനായി ചിത്രീകരിച്ച് കൊണ്ടുള്ള സോഷ്യൽ മീഡീയ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കട്ടപ്പന പോലീസ് പ്രതികരിച്ചു. കുട്ടി നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള കുറ്റങ്ങളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. അവയെല്ലാം വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ളതാകാനാണ് സാധ്യത-കട്ടപ്പന സിഐ ടി.സി.മുരുകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

വികൃതികൊണ്ട് സഹികെട്ട വീട്ടുകാര്‍ കുട്ടിയെ ബന്ധുവീട്ടിലാക്കിയിരിക്കുകയാണ്. കുട്ടിയെ ഒപ്പം നിർത്തിയാൽ വാടകവീട്ടിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയായിരുന്നു. മകനെ നന്നാക്കാന്‍ കുറച്ചുകാലം വൈദികര്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലാക്കിയിരുന്നു. ഇതിനു ശേഷമാണ് വൈദികരുടെ വേഷമണിഞ്ഞ് നടക്കാന്‍ തുടങ്ങിയത്. പോലീസ് പറഞ്ഞു. ഇതല്ലാതെ ആ വേഷം തട്ടിപ്പിന് ഉപയോഗിച്ചുവെന്ന പരാതികളൊന്നും ഉണ്ടായിട്ടില്ല.”വൈദികന്‍ ആണെന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി പണം തട്ടുന്നു. പണം തിരികെ ചോദിച്ചാല്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നു”, ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. കട്ടപ്പന പോലീസിനെ ടാഗ് ചെയ്താണ് ഇത് പലതും.

“തനിക്കെതിരെ പോസ്റ്റിട്ട കുട്ടിയുടെ അമ്മയെ വിളിച്ച് ചീത്ത പറഞ്ഞതായി പരാതി വന്നിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് നടത്തുകയോ പണം തട്ടുകയോ ചെയ്തിട്ടില്ല. നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന അശ്ലീല വീഡിയോകൾ കുട്ടികള്‍ക്ക് കൈമാറുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഏതായാലും പരാതികളുടെ അടിസ്ഥാനത്തിൽ ജുവൈനല്‍ ജസ്റ്റിസ് ബോർഡിന് റിപ്പോര്‍ട്ട് നൽകും. അനുമതി കിട്ടിയാൽ ജുവൈനല്‍ ഹോമിലേക്ക് മാറ്റും -സിഐ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top