കുസാറ്റ് വി.സിക്കെതിരെ ഗവർണർക്ക് പരാതി; സുരക്ഷ ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു

തിരുവനന്തപുരം: കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനാണ് സർവകലാശാല വി.സി ശ്രമിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ, പരിപാടിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതാണ് അപകടം നടക്കാൻ പ്രധാന കാരണം. വി.സിയും സിൻഡിക്കറ്റും അനുമതി നൽകിയാൽ മാത്രമേ പരിപാടി നടത്താൻ കഴിയു. സുരക്ഷ ഉറപ്പാക്കേണ്ട ചുമതലയും വി.സിക്കാണെന്നും ശശികുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ക്യാമ്പസുകളിൽ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ അനാസ്ഥ വരുത്തിയ വി.സി ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് കത്ത് നൽകി. തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ 2015 ൽ ഓണാഘോഷത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരണപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി അന്ന് ഉത്തരവ് ഇറക്കിയത്. എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിരുന്നില്ലെന്ന് കത്തിൽ പറയുന്നു.

വിദ്യാർത്ഥികളുടെ പരിപാടികൾ കോർഡിനേറ്റ് ചെയ്യാൻ ചുമതലപ്പെട്ട യൂത്ത് ഫെൽഫെയർ ഡയറക്ടർ പി.കെ.ബേബി കൃത്യമായി കാര്യങ്ങൾ ശ്രദ്ധിച്ചില്ലെന്നും ആർ.എസ്.ശശികുമാർ പറഞ്ഞു. പരിപാടിയുടെ ചുമതല പൂർണമായി വിദ്യാർത്ഥികളെ ഏൽപ്പിച്ചു. അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ല. ഇതാണ് അപകടമുണ്ടാകാൻ പ്രധാന കാരണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ നടന്ന അപകടത്തിൽ നാല് പേരാണ് മരിച്ചത്. അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്ന പി.കെ.ബേബിയെ സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top