ദുരന്തമുഖത്തും സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി അർജുൻ്റെ കുടുംബം
കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ലോറിയുടെ ഡ്രൈവർ അർജുൻ്റെ കുടുംബത്തിനെതിരെ കടുത്ത സൈബർ ആക്രമണം. അർജുന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിനെതിരെ അർജുൻ്റെ അമ്മയെ കൊണ്ട് സംസാരിപ്പിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്. ഇതിനെതിരെ കുടുംബം കോഴിക്കോട് പോലീസിൽ പരാതി നൽകി.
തിരച്ചിലിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അർജുനെ ഇനി ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അർജുൻ്റെ അമ്മ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിനിടെ സൈന്യത്തിനെതിരെയും സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിലെ അപാതകയെക്കുറിച്ചാണ് പ്രതികരിച്ചത്. ഇത് പക്ഷെ വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന അർജുൻ്റെ സഹോദരി ഷീല പറഞ്ഞു പറയിപ്പിച്ചുവെന്നാണ് ആരോപണം.
അർജുൻ്റെ അമ്മ സംസാരിച്ച് സംസാരിച്ച് അവസാനിപ്പിച്ച ശേഷം ഷീല ചെവിയിൽ എന്തോ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാലിത് സൈന്യത്തിനെതിരെ പറയാൻ നിർബന്ധിച്ചതാണ് എന്ന് വരുത്തിതീർക്കാൻ ശബ്ദം എഡിറ്റു ചെയ്തു ചേർത്തുവെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ഈ പ്രചാരണം ശക്തമായി നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here