കുട്ടികളെ പൊരിവെയിലില്‍ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു; അച്ചടക്കമുള്ളവരെ മാത്രം നവകേരള സദസില്‍ പങ്കെടുപ്പിക്കണമെന്ന് ഡിഇഒ

കണ്ണൂര്‍: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനമായ നവകേരള സദസിനെതിരെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി. നവകേരള സദസിന് അഭിവാദ്യമർപ്പിക്കാൻ കൊച്ചുകുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് എംഎസ്എഫ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പാനൂരിലാണ് സംഭവം. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് സ്കൂൾ അധികൃതർ വെയിലത്ത് നിർത്തിയത്.

സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫിൻ്റെ ആവശ്യം. അധ്യാപകർ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിക്കാൻ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നവകേരള സദസിലേക്ക് സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദം.

അതേസമയം, മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിൽ സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. അനുസരണയും അച്ചടക്കമുള്ള കുട്ടികളെ മാത്രം പരിപാടിയിൽ പങ്കെടുപ്പിച്ചാൽ മതിയെന്നുമായിരുന്നു ഡിഇഒയുടെ നിർദേശം.

സംഭവം വിവാദമായതോടെ പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കാനാണ് താൻ നിർദേശിച്ചതെന്നാണ് ഡിഇഒ നൽകുന്ന വിശദീകരണം. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി 100 കുട്ടികളെയും നവകേരള സദസിൽ എത്തിക്കണമെന്നുമായിരുന്നു നിർദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top