ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ മലയാളത്തിലും പരാതി നൽകാം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസവുമായി യുഎഇ
അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. കൃത്യസമയത്ത് ശമ്പളം നൽകാതിരിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാം. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, അറബിക്, മലയാളം, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളില്‍ പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം.
നിശ്ചിത തീയതിക്കകം ശമ്പളം നല്‍കേണ്ടത് തൊഴിൽദാതാവിൻ്റെ ഉത്തരവാദിത്തമാണ്. ശമ്പളം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താല്‍ യഥാസമയം പരാതിപ്പെടണമെന്ന് മന്ത്രാലയം ജീവനക്കാരോട് അഭ്യര്‍ഥിച്ചു. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയാണ് ജീവനക്കാർക്ക് ശമ്പളം നല്‍കേണ്ടത്. തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ തീയതിയിലോ തൊട്ടടുത്ത ദിവസമോ ശമ്പളം നല്‍കണമെന്നും യുഎഇ വ്യക്തമാക്കി.
രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഇത് ലംഘിക്കുന്നവർക്ക് പിഴ ശിക്ഷയ്ക്കു പുറമേ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യഥാസമയം ശമ്പളം നല്‍കിയില്ലെങ്കില്‍ വന്‍തുക പിഴ ചുമത്തും. വിസ പുതുക്കല്‍, അനുവദിക്കല്‍ ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെല്ലാം നിർത്തും. നിയമംലംഘിക്കുന്നത് ആവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തെ എല്ലാ ജീവനക്കാരും നിര്‍ബന്ധ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാനുള്ള സമയം ഈ മാസം അവസാനിക്കുകയാണ്. പോളിസിയില്‍ ചേരാത്തവരില്‍ നിന്ന് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here