പരിഹാരമില്ലാതെ നവകേരള സദസ്; പരാതികള്‍ കൃത്യ സ്ഥലത്തേക്ക് അയക്കുന്നില്ലെന്ന് ആരോപണം

തിരുവനന്തപുരം: നവകേരള സദസ് ഏഴ് ജില്ലകള്‍ പിന്നിടുമ്പോള്‍ തീര്‍പ്പായ പരാതികള്‍ വിരളിലെണ്ണാവുന്നത് മാത്രം. മിക്ക പരാതികളും കൃത്യമായല്ല കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം. അയക്കേണ്ട സ്ഥലത്തേക്കല്ല പലതും അയക്കുന്നത്. കണ്ണൂര്‍ നഗരസഭയില്‍ അയച്ച പരാതികളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍തലത്തില്‍ പരിഹാരം കാണേണ്ടതാണെന്ന് കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൊടുക്കേണ്ട തുക നഗരസഭയ്ക്ക് നല്‍കാന്‍ കഴിയില്ല. ഇതുപോലെ മറ്റ് പല വകുപ്പുകള്‍ തീര്‍പ്പാക്കേണ്ടതാണ് നഗരസഭയില്‍ അയക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി.

കണ്ണൂര്‍ നഗരസഭയില്‍ 576 പരാതികള്‍ ലഭിച്ചതില്‍ 13 എണ്ണം ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കേണ്ടതാണ്. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ല, റേഷന്‍ വിഹിതം കൂട്ടണം തുടങ്ങിയ പരാതികളാണ് കിട്ടിയവയില്‍ പലതും. ഇതൊന്നും നഗരസഭാ പരിധിയില്‍ വരുന്നതല്ല. സദസ് തുടങ്ങിയ കാസര്‍കോട് ജില്ലയില്‍ 14698 പരാതികളാണ് ലഭിച്ചത്. 18 ദിവസമായിട്ടും 169 പരാതികള്‍ മാത്രമാണ് ഇതുവരെ പരിഹരിച്ചതെന്ന് കോണ്‍ഗ്രസ്‌ ഡിസിസി പ്രസിഡന്റ്‌ പി.കെ. ഫൈസല്‍ പറയുന്നു. പ്രഹസനമാണ് നവകേരള സദസിന്റെ പേരില്‍ നടക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം ലഭിച്ചിരുന്നു എന്നാല്‍ നവകേരള സദസില്‍ മന്ത്രിമാര്‍ നേരിട്ട് പരാതികള്‍ വാങ്ങുന്നത് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാതലത്തിലെ പരാതികള്‍ പരിഹരിക്കാന്‍ രണ്ടാഴ്ച, സംസ്ഥാനതലത്തില്‍ ഒരു മാസം, സര്‍ക്കാര്‍ തലത്തില്‍ 45 ദിവസം എന്നിങ്ങനെയാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യം സദസ് നടത്തിയ രണ്ട് ജില്ലകളില്‍ പോലും പരാതികള്‍ കുന്നുകൂടി കിടക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ പരാതികളുടെ എണ്ണമെത്രയെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ലെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ മാര്‍ട്ടിന്‍ ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞത്. ബാക്കി ജില്ലകളിലും സമാനമായ രീതിയാണെന്ന് പരാതിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top