യുപിയിലേത് കുത്തഴിഞ്ഞ നിയമവാഴ്ചയെന്ന് സുപ്രീം കോടതി; പോലീസിന്റെ തേര്‍വാഴ്ച അനുവദിക്കാനാവില്ല

ഉത്തര്‍ പ്രദേശില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നെന്ന് സുപ്രീം കോടതി. സിവില്‍ തര്‍ക്കങ്ങളെ ഗുരുതര ക്രിമിനല്‍ക്കുറ്റമായി പോലീസ് മാറ്റുകയാണ്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ദേബു സിംഗ്, ദീപക് എന്നിവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് പരമോന്നത കോടതിയുടെ രൂക്ഷ വിമര്‍ശനം. 25 ലക്ഷം കടം വാങ്ങിയ കേസിലാണ് പരാതിക്കാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് ഉത്തര്‍പ്രദേശ് പോലീസ് ചുമത്തിയത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരായ സഹോദരങ്ങള്‍ക്കെതിരെ ചുമത്തിയത്. ‘ഒരുതരത്തിലും അംഗീകരിക്കാനാവാത്ത നടപടികളാണ് യുപിയില്‍ സംഭവിക്കുന്നത്. സിവില്‍ സ്വഭാവമുള്ള കാര്യങ്ങളെ ക്രിമിനല്‍ കുറ്റങ്ങളായി ചിത്രീകരിച്ച് കേസെടുക്കയാണ് യുപി പോലീസ് ചെയ്യുന്നത്. നിയമവാഴ്ചയുടെ തകര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ഷെരീഫ് അഹമ്മദ് vs സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് എന്ന കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ച വിധിയുടെ നഗ്‌നമായ ലംഘനമാണ് പോലീസ് നടത്തിയത്. ഈ കേസില്‍ പോലീസ് കേസന്വേഷണം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വളരെ വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ ലംഘനമാണ് പരാതിക്കാരുടെ കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സുപ്രീം കോടതി കണ്ടെത്തി. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പരാതിക്കാരുടെ കാര്യത്തില്‍ പാലിച്ചോ എന്ന് കാട്ടി സത്യവാങ് മൂലം നല്‍കാന്‍ സംസ്ഥാന ഡിജിപിയോടും സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുളില്‍ സത്യവാങ് മൂലം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

പരാതിക്കാരുടെ പിതാവും ആക്രി ബിസിനസുകാരനുമായ ബല്‍ജീത് സിംഗ് മറ്റൊരു വ്യാപാരിയായ ദീപക് ബഹല്‍ എന്നയാളില്‍ നിന്ന് 25 ലക്ഷം രൂപ കടം വാങ്ങി. പരാതിക്കാരായ മക്കളുടെ സാന്നിധ്യത്തിലാണ് പണം കൈപ്പറ്റിയത്. പറഞ്ഞ സമയത്ത് ബല്‍ജീത് സിംഗ് പണം മടക്കിക്കൊടുത്തില്ല. വേണ്ടി വന്നാല്‍ തന്റെ മക്കള്‍ ദീപക് ബഹലിനെ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top