മനുഷ്യനെ ഉപയോഗിച്ച് വിസർജ്യം നീക്കം ചെയ്യല്‍ നിർത്തലാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം
ന്യൂഡൽഹി: രാജ്യത്ത് തോട്ടിപ്പണി (മാനുവൽ സ്‌കാവഞ്ചിംഗ്) പൂർണമായും ഇല്ലാതാക്കണമെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. മനുഷ്യരെ ഉപയോഗിച്ചുള്ള വിസർജ്യം നീക്കം ചെയ്യൽ നിർത്തലാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നടപടിയെന്ന് ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
തോട്ടിപ്പണി നിരോധനവും ജോലിക്കാരുടെ പുനരധിവാസവും ഉറപ്പാക്കുന്ന 2013ലെ നിയമം ഫലപ്രദമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പക്കണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 1ന് വീണ്ടും കേസ് പരിഗണിക്കും. തോട്ടിപ്പണിക്കിടയിൽ കഴിഞ്ഞ 5 വർഷത്തിനിടെ 347 പേരാണ് രാജ്യത്ത് മരിച്ചത്. ഇതിൽ 40 ശതമാനവും ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. സർക്കാർ രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽ മരണപ്പെട്ടത്. ഇത് ഗുരുതരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
തോട്ടിപ്പണിക്കിടെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. അപകടങ്ങളില്‍ 20ലക്ഷമായി നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇത് കൃത്യമായി നടപ്പിലാക്കാൻ മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു. കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് വിരമിക്കാനിരിക്കെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ അവസാനത്തെ ദിവസമാണ് നിർണായകമായ വിധി പ്രസ്താവം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here