‘അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏട്’; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നേതാക്കള്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി: പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച, എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. സംസ്ഥാന മുഖ്യമന്ത്രിമാരായിരിക്കെയും പിന്നീട് ഡല്‍ഹിയിലേക്ക് മാറിയ കാലത്തും തുടര്‍ന്നിരുന്ന കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്മരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍: കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.

ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

വി ഡി സതീശന്‍: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു… പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല…

തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട.

കെ സുധാകരന്‍: സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായിരിക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്നു കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിമാറ്റി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരു വിളിപ്പാട് അകലെയുള്ള സാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മനസ്സിന് ഏല്‍പ്പിച്ച മുറിവിനെപ്പോലും ജനകീയ ഔഷധം കൊണ്ട് സുഖപ്പെടുത്തിയ വ്യക്തിത്വം. സ്‌നേഹം വിതച്ച് സ്‌നേഹം കൊയ്ത നേതാവ്.

ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാനും ഓര്‍ത്തെടുക്കാവുന്നതിനും അപ്പുറമാണ് ഉമ്മന്‍ചാണ്ടി. സ്‌നേഹം, കാരുണ്യം, വികസനം, കരുതല്‍ അങ്ങനെ ഒട്ടേറെ പര്യായം ഉമ്മന്‍ചാണ്ടി എന്ന പേരിന് സമ്മാനിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്തു നിന്നും അദ്ദേഹം വിടവാങ്ങുന്നത്. ഉമ്മന്‍ചാണ്ടി എനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. അത്ഭുതത്തോടെ അദ്ദേഹത്തെ എന്നും നോക്കിനിന്നിട്ടുണ്ട്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് കോണ്‍ഗ്രസിന് നികത്താവുന്നതിന് അപ്പുറമാണ്. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് എനിക്ക് അനുഭവപ്പെടുത്തത്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്കുണ്ടാക്കിയ ആഘാതം വലുതാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

എം വി ഗോവിന്ദന്‍: ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.

കെ സുരേന്ദ്രന്‍: മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ശ്രീ. ഉമ്മൻചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top