മാധ്യമങ്ങള്‍ക്ക് മുന്നില്‍ സതീശനും സുധാകരനും ഇടയുന്നത് രണ്ടാംവട്ടം; രണ്ട്തവണയും ചതിച്ചത് മൈക്ക്; അപമാനിതനായെന്ന വികാരത്തില്‍ സതീശന്‍
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമാറ്റം എന്ന നിലയില്‍ കെപിസിസി പ്രസിഡന്റായി കെ.സുധാകരനേയും പ്രതിപക്ഷ നേതാവായി വി.ഡി.സതീശനേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൊണ്ടുവന്നത്. ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം തലമുറമാറ്റത്തിന് സമാനമായ ഈ മാറ്റത്തിലൂടെ എഐസിസി പ്രതീക്ഷിച്ചിരുന്നു. അതുവരെ കണ്ടിരുന്ന എ, ഐ ഗ്രൂപ്പ് മാനേജര്‍മാരല്ല ഇരു നേതാക്കളും എന്നതായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മധുവിധു കാലം കഴിഞ്ഞതോടെ പ്രതീക്ഷകളെല്ലാം മാറിയ സ്ഥിതിയാണ്. നിസാര കാര്യങ്ങളില്‍ പോലും പരസ്പര ബഹുമാനമില്ലാതെ പ്രതികരിക്കുന്ന തലത്തിലേക്ക് ഇരുവരും മാറിയെന്നാണ് ഉയരുന്ന വിമര്‍ശനം. പുറമേ സഹോദര ബന്ധം എന്ന് പറയുമ്പോഴും ആവര്‍ത്തിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുനേതാക്കളും തമ്മിലുളള അസ്വാരസ്യം വെളിവാകുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം ആര് സംസാരിക്കും എന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരുവരും വീറോടെ ആദ്യം സംസാരിക്കാന്‍ വാദിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റാണ് ആദ്യം സംസാരിക്കേണ്ടത് എന്നായിരുന്നു സുധാകരന്റെ വാദം. ഇത് അംഗീകരിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന്ും മറുപടി പറയാതെ സതീശനും തന്റെ പ്രതിഷേധം അറിയിച്ചു. പല ചോദ്യങ്ങല്‍ക്കും മറുപടി പറയാന്‍ സുധാകരന്‍ ബുദ്ധിമുട്ടുമ്പോഴും സതീശന്‍ ഇടപെടാതെ നോക്കിനില്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് നല്‍കുമെന്ന സുധാകരന്റെ നിലപാടിനെ ചൊല്ലിയുളള തര്‍ക്കമാണ് നടന്നതെന്നായിരുന്നു സതീശന്‍ ഇതിന് നല്‍കിയ വിശദീകരണം. ഇതില്‍ വിവാദം അടങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടുക തന്നെ ചെയ്തു.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ രഹസ്യ ഗ്രൂപ്പ് യോഗം ചേര്‍ന്നതും ഇത് പരിശോധിക്കാന്‍ സുധാകരന്‍ ആളുവിട്ടതുമെല്ലാം ഈ അകല്‍ച്ച കൂട്ടുകയും ചെയ്തു. പുനസംഘടനയിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കോണ്‍ഗ്രസിന്റെ സമരാഗ്നിയെന്ന പ്രതിഷേധ ജാഥ സ്വാഭാവികമായും കെപിസിസി പ്രസിഡന്റാണ് നയിക്കേണ്ടിയിരുന്നത്. എന്നാല്‍ സതീശന്‍ കൂടി അവകാശവാദം ഉന്നയിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് നയിക്കട്ടെയെന്നും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തട്ടേയെന്ന നിര്‍ദേശം എഐസിസി നേതൃത്വം നല്‍കിയത്. ഇത് ഇന്ന് വീണ്ടും തര്‍ക്കത്തിന് കാരണവുമായി. രാവിലെ 10 മണിക്കാണ് ഇന്ന് വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്. 10.20ന് തന്നെ സുധാകരന്‍ എത്തുകയും ചെയ്തു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞും സതീശന്‍ എത്താതായതോടെയാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്. നേതാക്കള്‍ ഇടപെട്ടതോടെ സുധാകരന്‍ അധികം പ്രതികരണം നടത്തിയില്ലെങ്കിലും അപമാനിതനായി എന്ന വികാരമാണ് സതീശനുളളത്. ഇതിന്റെ ഭാഗമായാണ് രാജി ഭീഷണിയടക്കം കടുത്ത നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം.
കെപിസിസി പ്രസിഡന്റിനെ ഒതുക്കാനുള്ള ശ്രമം സതീശന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ടെന്ന് സുധാകരന്‍ അനുകൂലികള്‍ക്ക് നേരത്തെ തന്നെ പരാതിയുണ്ട്. ഇപ്പോള്‍ സതീശന്‍ ദേശീയ നേതൃത്വത്തെ തന്നെ ഇക്കാര്യം ഉന്നയിച്ച് സമീപിച്ചതോടെ കരുതലോടെ കരുക്കള്‍ നീക്കാനാണ് ഇവരുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here