തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും കോണ്‍ഗ്രസില്‍ ജഗട.. ജഗട; ഹരിയാന ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ അണികള്‍
തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ നിന്ന് ജനങ്ങള്‍ അടിച്ചോടിച്ചിട്ടും പാഠം പഠിക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പുകളുടെ പ്രചരണം മൂര്‍ധന്യത്തിലെത്തിയിട്ടും തമ്മിലടി അവസാനിക്കാത്ത അവസ്ഥയിലാണ് കെപിസിസി നേതൃത്വം. ഓരോ ദിവസവും പുതിയ വിഷയങ്ങളില്‍ തര്‍ക്കം തുടുരുകയാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് ഡിസിസി അയച്ച കത്ത് ചോര്‍ന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം. കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതിന് പിന്നാലെ നേതാക്കള്‍ നിരനിരയായി നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവന ഇറക്കുകയാണ്. രാഹുല്‍ മാങ്കുട്ടത്തിലിനെ ഏകപക്ഷീയമായിട്ടാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ആരോപണം ഉയര്‍ത്തിയാണ് പി. സരിന്‍ കോണ്‍ഗ്രസ് വിട്ടത്. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവടക്കം പറയുന്നതിനിടയില്‍ കെ സുധാകരന്‍ ഇന്നലെ നടത്തിയ പ്രസ്താവന പാര്‍ട്ടിയെ വെട്ടിലാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിയാണ് എന്നായിരുന്നു സുധാകരന്റെ പ്രസ്താവന. കത്ത് ഡിസിസിയില്‍ നിന്ന് പുറത്തായതെന്നാണ് സംശയമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുധാകരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്ന പ്രതികരണവുമായി കെപിസിസി മുന്‍ പ്രസിഡന്റും യുഡിഫ് കണ്‍വീനറുമായ എംഎം ഹസ്സനും രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും അലങ്കോലമായി.
അടുത്ത വര്‍ഷം തദ്ദേശ സ്ഥാപനങ്ങളിലേക്കും 2026 ല്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ച അതേ ദുരന്തം കേരളത്തിലെ കോണ്‍ഗ്രസിനും സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിസിസി അധ്യക്ഷന്‍ സുധാകരനും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പല ഘട്ടത്തിലും പുറത്തുവന്നിട്ടുണ്ട്. സുധാകരന്‍ പാര്‍ട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നത് പതിവാക്കിയിട്ടും ഹൈക്കമാന്റ് നടപടി എടുക്കാത്തതിലും കോണ്‍ഗ്രസില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ വികാരം രൂക്ഷമായിട്ടു പോലും തമ്മിലടിച്ച് അനുകൂല സാഹചര്യം കളഞ്ഞുകൂളിക്കുമെന്ന ഭയപ്പാടിലാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അണികളും. കത്ത് ചോര്‍ത്തലിന് പിന്നില്‍ കെപിസിസിയിലെ പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന സംശയം ശക്തമാണ്. കോണ്‍ഗ്രസിലെ ഈ പ്രശ്‌നങ്ങള്‍ രാഷ്ടീയ അനുകൂല സാഹചര്യം നശിപ്പിക്കുന്ന ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുമോ എന്ന് ഘടകകക്ഷികളും ഭയപ്പെടുന്നുണ്ട്. മുസ്ലീം ലീഗ് നേതാക്കള്‍ തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here