മുഖ്യമന്ത്രി യോഗിക്കെതിരെ ബിജെപിയില്‍ കലാപം; 2027ല്‍ തിരിച്ചുവരവ് അസാധ്യമെന്ന് വിമതര്‍
ഉത്തര്‍പ്രദേശിലെ ബിജെപി ഘടകത്തില്‍ തമ്മിലടി മൂര്‍ഛിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കലാപക്കൊടിയുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരസ്യമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ദിവസം മൗര്യ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കണ്ടിരുന്നു. 48 മണിക്കൂറിനിടയില്‍ രണ്ടാം തവണയാണ് മൗര്യ പാര്‍ട്ടി പ്രസിഡന്റിനെ കണ്ടത്. സംസ്ഥാന ബിജെപി എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ ഞായറാഴ്ച ലക്‌നൗവില്‍ ചേര്‍ന്നു. 3500ല്‍ അധികം പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും മന്ത്രിമാരും പങ്കെടുത്തിരുന്നു. ഈ മീറ്റിംഗിലാണ് സംഘടനയാണ് സര്‍ക്കാരിനേക്കാള്‍ പ്രധാനമെന്ന് ഉപമുഖ്യമന്ത്രി മൗര്യ തുറന്നടിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ച കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രി യോഗിയുടെ ഭരണത്തിലെ വീഴ്ചകളാണെന്ന് പല നേതാക്കളും പരസ്യമായി പറഞ്ഞിരുന്നു. സര്‍ക്കാര്‍ പാര്‍ട്ടിയേക്കാള്‍ വലുതല്ല. പാര്‍ട്ടിയാണ് വലുതെന്ന് ഉപമുഖ്യമന്ത്രി മൗര്യ പ്രവര്‍ത്തകരോടായി പറഞ്ഞതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് പരസ്യമായത്. എന്നാല്‍ നേതാക്കളുടെ അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി യോഗിയുടെ നിലപാട്. സര്‍ക്കാരിന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭരണത്തിനെതിരായ നിശബ്ദ പ്രതിഷേധങ്ങളെ കാണാതെ പോകരുതെന്നാണ് മൗര്യയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളില്‍ സര്‍ക്കാരിനേക്കാള്‍ വലുതാണ് സംഘടനയെന്ന് മൗര്യ നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്- ഇത് യോഗിയെ പരസ്യമായി വെല്ലുവിളിക്കുന്നതിന്റെ ഭാഗമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മൗര്യയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ യോഗിയുടെ ഭരണത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നത് തടയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. ബിജെപി ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ 2027 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരില്ലെന്ന് ജാന്‍പൂരിലെ എംഎല്‍എയായ രമേശ് മിശ്ര പറഞ്ഞു. ഉപമുഖ്യമന്ത്രി മൗര്യയുടെ അടുത്ത അനുയായിയാണ് രമേശ് മിശ്ര.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും 33 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. 2019 ല്‍ 62 സീറ്റ് കിട്ടിയിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് (എസ്പി) 37 സീറ്റ് ലഭിച്ചത് ബിജെപിയുടെ കേവല ഭൂരിപക്ഷത്തേപ്പോലും ബാധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here