കര്‍ത്താവിന്റെ നാമത്തില്‍ കൂട്ടയടി; പറവൂരും കാലടിയിലും പള്ളിക്കുള്ളിൽ സംഘർഷം; കേസെടുക്കാതെ പോലീസ്
കൊച്ചി: കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലും പറവൂർ കോട്ടക്കാവ് സെന്റ് മേരീസ് ഫൊറാനാ പള്ളിയിലും സംഘര്‍ഷം. താന്നിപ്പുഴ പള്ളിക്കുള്ളിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച ഫാദർ ജോസ് തോട്ടങ്കരയെ ഒരു വിഭാഗം എതിര്‍ത്തതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വൈദീകൻ സിനഡ് കുർബാനയാണ് നടത്തിയത്. ഇതാണ് മറുവിഭാഗത്തെ പ്രകോപിച്ചത്.
വൈദികനെ പിന്തുണച്ച് ഒരു വിശ്വാസി രംഗത്തെത്തിയതോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയാക്കിയത്. ഇരുകൂട്ടരും പള്ളിക്കുള്ളിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പെരുമ്പാവുര്‍ പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. തുടർന്ന് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും പോലീസ് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അടിക്കെടാ’ എന്നാക്രോശവും വെല്ലുവിളിയും നടത്തിക്കൊണ്ടാണ് വിശ്വാസികൾ അൾത്താരക്കുള്ളിൽ ഏറ്റുമുട്ടിയത്.
വലിയ തോതിലുള്ള അക്രമം പള്ളിക്കുള്ളിലും പുറത്തും നടന്നിട്ടും പോലീസ് കേസെടുത്തിട്ടില്ല. ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. എന്നാൽ പളളിക്കുള്ളിൽ വെച്ചുതന്നെ പ്രശ്‌നം പരിഹരിക്കുകയായിരുന്നെന്ന് പെരുമ്പാവൂർ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പോലീസ് ഇടപ്പെട്ടതോടെ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം അനുസരിച്ച് ജനാഭിമുഖ കുർബാന ചൊല്ലാമെന്ന് വൈദീകൻ അറിയിക്കുയായിരുന്നു. രാവിലെ 6.30-ന് ആരംഭിക്കേണ്ട കുർബാന രണ്ട് മണിക്കൂർ വൈകി 8.30-നാണ് നടന്നത്.
പറവൂർ കോട്ടക്കാവ് പള്ളിയിൽ സിനഡ് കുർബാന വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. നേരത്തേ ഫാദർ ജോസ് പുതിയേടത്ത് സിനഡ് കുർബാന ചൊല്ലിയപ്പോൾ ഒരു വിഭാഗം തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ അദ്ദേഹം ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഇന്ന് രാവിലെ അഞ്ചരക്ക് ജനാഭിമുഖ കുർബാന ചൊല്ലാനെത്തിയപ്പോൾ ഒരു വിഭാഗം സിനഡ് കുർബാന വേണമെന്ന ആവശ്യം ഉയർത്തി. തുടർന്ന് രണ്ട് കുർബാനയും ചൊല്ലുന്നില്ലെന്ന് പ്രഖ്യാപിച്ച് ഫാദർ ജോസ് പുതിയേടത്ത് തിരിച്ചു പോകുകയായിരുന്നു.