നിലപാടില്‍ നിന്നും പിന്മാറി കോൺഗ്രസ്; ഒടുവിൽ യുപി പോലീസിന് വഴങ്ങി; സംഭാലിലേക്കില്ല
ലക്നൗവിലെ പാർട്ടി ഓഫീസിന് പുറത്ത് പോലീസുമായുള്ള സംഘർഷത്തെ തുടർന്ന് കോൺഗ്രസ് സംഭാലിലേക്ക് നടത്താനിരുന്ന മാർച്ച് പിൻവലിച്ചു. ഡിസംബർ പത്തിന് ശേഷം നടത്തുമെന്നാണ് പ്രഖ്യാപനം. ഷാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുന്ന സംഭാൽ സന്ദർശനത്തിൽ നിന്നും പിൻമാറണം എന്നാവശ്യപ്പെട്ട് യുപി പോലീസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിക്ക് നോട്ടീസ് നൽകിയിരുന്നു.
Also Read: യോഗി പോലീസിൻ്റെ ഉത്തരവ് ലംഘിക്കാന്‍ കോൺഗ്രസ്; പാർട്ടി ഓഫീസ് വളഞ്ഞ് സായുധസേന
ഉത്തരവ് ലംഘിച്ച് കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ ഡിസംബർ 10 വരെ സംഭാലിൽ നിന്നും പുറത്തുനിന്നുള്ളവരെ സ്ഥലത്ത് പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് മാർച്ച് മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 10 വരെ നിയന്ത്രണങ്ങൾ നീട്ടാനുള്ള ഭരണകൂടത്തിൻ്റെ തീരുമാനത്തെ നേരത്തെ കോൺഗ്രസ് നേതാവ് വിമർശിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള കോൺഗ്രസ് ദൗത്യത്തെ തടസപ്പെടുത്താൻ യോഗി സർക്കാർ നിയന്ത്രണങ്ങൾ നീട്ടുകയാണ് എന്നായിരുന്നു ആരോപണം.
നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അറിയിക്കാമെന്ന് ഡിസിപിയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ അജയ് റായ് പറയുന്നത്. “പോലീസ് ഞങ്ങളെ അറിയിക്കുന്ന ദിവസം കോൺഗ്രസ് പാർട്ടിയുടെ ഒരു പ്രതിനിധി സംഘം സംഭാൽ സന്ദർശിക്കും” – റായ് പറഞ്ഞു.
Also Read: പളളി സർവേക്കിടയിൽ മുസ്ലിം യുവാക്കളെ വെടിവച്ചു കൊന്നതാര് !! നിഗൂഢത നിറച്ച് ഷാഹി ജുമാ മസ്ജിദ് സംഘർഷം
അതേസമയം റായിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തെ സംഭാലിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പോലീസ് തടഞ്ഞിരുന്നു. ഇതിനേ തുടർന്ന് ലക്നൗ കോൺഗ്രസ് ഓഫീസിന് പുറത്ത് സംഘർഷമുണ്ടായി. ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ റായിയുടെ കാർ തടഞ്ഞത് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് നടപടിയെ എതിര്‍ത്തതോടെ പോലീസുമായി കയ്യാങ്കളിയുണ്ടാവുകയും ചെയ്തിരുന്നു.
Also Read: ‘ഷാഹി ജുമാ മസ്ജിദിൽ തല്ക്കാലം സർവേ വേണ്ട’; തുടർ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി
ഷാഹി ജുമാ മസ്ജിലെ സർവേയുമായി ബന്ധപ്പെട്ടാണ് സംഭാലിൽ സംഘർഷം ഉടലെടുത്തത്. സർവേ നടത്താൻ അധികൃതരും പോലീസും എത്തിയതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർവേക്ക് സംഭാൽ ജില്ലാ കോടതി ഉത്തരവിട്ടത്. തുടർന്ന് കഴിഞ്ഞ മാസം 19ന് ലോക്കല്‍ പോലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ ആദ്യഘട്ട സര്‍വേ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് നവംബർ 24ന് വീണ്ടും സർവേക്കായി ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് അക്രമസംഭവങ്ങൾ നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here