ഹരിയാനയിൽ എഎപിയുമായി ചേർന്ന് ബിജെപിയെ നേരിടാൻ കോൺഗ്രസ്; സഖ്യ ചർച്ചകൾ സജീവം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിൽ കോൺഗ്രസ്. എഎപിയുമായി ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 90 സീറ്റുകളിൽ 5 മുതൽ 7 വരെ സീറ്റുകളാണ് കോൺഗ്രസ് വാഗ്‌ദാനം ചെയ്തിരിക്കുന്നതെന്നാണ് എഎപി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. അതേസമയം, 9 സീറ്റുകളാണ് എഎപി ആവശ്യപ്പെടുന്നത്. ഡൽഹി, പഞ്ചാബ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഹരിയാന സീറ്റുകളിൽ എഎപിക്ക് താൽപ്പര്യമുണ്ടെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കണോയെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതായും ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഈ തീരുമാനം പരിശോധിക്കുമെന്നും എഎപി അറിയിച്ചു.
കോൺഗ്രസും എഎപിയും തമ്മിൽ ചർച്ചകൾ നടക്കുന്നതായും തീരുമാനമൊന്നും ആയിട്ടില്ലെന്നും ഹരിയാനയുടെ എഐസിസി ചുമതലയുള്ള ദീപക് ബബാരിയ സ്ഥിരീകരിച്ചു. എഎപിയുമായുള്ള ചർച്ചകൾക്കായി കെ.സി. വേണുഗോപാൽ, ഹൂഡ, അജയ് മാക്കൻ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. എഎപി പഞ്ചാബ് എംപി രാഘവ് ഛദ്ദയും വേണുഗോപാലും തമ്മിൽ രണ്ടു തവണ ചർച്ചകൾ നടന്നതായി എഎപി അറിയിച്ചു.
ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം, കേജ്‌രിവാളിന്റെ സ്വന്തം സംസ്ഥാനമെന്ന ആകർഷണം ഹരിയാനയ്ക്കുണ്ട്. എന്നാൽ, ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് ഹരിയാനയിലെ കോൺഗ്രസ് പാർട്ടി അണികൾക്കിടയിൽനിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. ഒരു പാർട്ടിയുമായും സീറ്റ് പങ്കിടാതെ തന്നെ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹരിയാന കോൺഗ്രസ് നയിക്കുന്ന ഭൂപീന്ദർ സിങ് ഹൂഡയും അദ്ദേഹത്തിന്റെ ക്യാമ്പും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here