സിദ്ധരാമയ്യ രാജിവക്കേണ്ട കാര്യമില്ല; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി നീക്കം ചെറുക്കും; പ്രതികരണവുമായി ഡികെ ശിവകുമാര്‍

ഭൂമി അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന്റെ പേരില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവക്കില്ലെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തികച്ചും ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ നടപടിയാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗവര്‍ണറുടെ ഓഫീസിനെ ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സിദ്ധരാമയ്യക്കെതിരായ ആരോപണത്തെ നേരിടും. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള സിദ്ധരാമയ്യയ്‌ക്കെതിരായ ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്നും ശിവകുമാര്‍ പറഞ്ഞു. മൈസൂരു നഗര വികസന അതോറിറ്റിക്ക് കീഴിലുള്ള ഭൂമികൈമാറ്റത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
മൈസൂരു നഗര വികസനത്തിന്റെ ഭാഗമായുള്ള ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയിലാണ് ക്രമക്കേട്. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡില്‍ കേസരയില്‍ സ്ഥിതിചെയ്യുന്ന നാല് ഏക്കര്‍ ഭൂമിഈ പദ്ധതി പ്രകാരം മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പകരം നല്‍കിയത് വന്‍ മൂല്യമുള്ള ഭൂമിയാണെന്നും അവര്‍ വിട്ടുനല്‍കിയ ഭൂമിയേക്കാള്‍ പലമടങ്ങ് വിലപിടിപ്പുള്ളതാണ് എന്നുമാണ് പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here