രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം; വിഷം തുപ്പുന്ന വാക്കുകളെന്ന് കോണ്‍ഗ്രസ്; ഏകാധിപതി നിരാശയിലെന്ന് സിപിഎം

ഡല്‍ഹി : തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി ഇന്നലെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലാണ് പരാതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും എല്ലാം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജസ്ഥാനില്‍ നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണം ചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം അങ്ങനെ നല്‍കണോയെന്ന് ചിന്തിക്കണം. അമ്മമാരുടേയും പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ഇത് നടപ്പായാല്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ലെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസും സിപിഎമ്മും വിമര്‍ശിക്കുന്നത്. വിഷം തുപ്പുന്ന വാക്കുകളാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്ന ശ്രദ്ധ തിരിക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങാനാണ് ശ്രമിക്കുന്നത്. ഏകാധിപതി നിരാശയിലാണെന്നും അതിനാലാണ് ഈ പരാമര്‍ശങ്ങളെന്നും സിപിഎം പ്രതികരിച്ചു.

പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top