പുതുപ്പള്ളിയിൽ സുനാമി, പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ചു, ഉമ്മൻ ചാണ്ടി വീണ്ടും ജയിച്ചു

പുതുപ്പള്ളി: സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്നേവരെ ആവിഷ്ക്കരിച്ചിട്ടില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അടവുകളുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പയറ്റിയത്. കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവർത്തനങ്ങൾ, എണ്ണയിട്ട യന്ത്രം പോലെയുള്ള സ്‌ക്വാഡുകൾ, കൃത്യമായ സാമുദായിക സമവാക്യങ്ങൾ ഉറപ്പിക്കൽ, സർവ്വോപരി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മണ്ഡലത്തിലുടനീളം ജ്വലിപ്പിച്ചുനിർത്തുന്നതിലെ സാമർഥ്യം – ഇങ്ങനെ എല്ലാ ഘടകങ്ങളും കിറുകൃത്യമായി ‘വർക്ക് ചെയ്തപ്പോൾ’ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം സ്വപ്ന തുല്യമായ നിലയിലെത്തി.

പുതുപ്പള്ളി മണ്ഡലത്തിൽ തീരെ അപ്രസക്തമായ യുഡിഎഫ് ഘടക കക്ഷികളെപ്പോലും മുൻനിരയിൽത്തന്നെ നിർത്തിക്കൊണ്ട് പ്രവർത്തിക്കുവാൻ കെപിസിസി നേതൃത്വവും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് മികച്ച ഭൂരിപക്ഷം. സാധാരണ ഗതിയിൽ കോൺഗ്രസിന്റെ സംസ്കാരമനുസരിച്ച് തെരഞ്ഞെടുപ്പ് ചിട്ടവട്ടങ്ങളത്രയും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലൊതുക്കുന്ന പ്രവണത മാറ്റി. എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പിക്കുന്ന തരത്തിലായിരുന്നു വി.ഡി.സതീശൻ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകിയത്. ഫണ്ട് വിതരണത്തിൽപ്പോലും എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വിവാദങ്ങൾക്കും പരാതികൾക്കും അധികമൊന്നും ഇടം നൽകാതെ ഐക്യത്തിന്റെ സന്ദേശം നൽകിയാണ് കെപിസിസി നേതൃത്വം മുന്നോട്ടു പോയത്. മധ്യകേരളത്തിലെങ്ങും തെരഞ്ഞെടുപ്പിൽ സാമുദായിക ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ഭീഷണിയും വിലപേശൽ നടത്താറുണ്ട്. എന്നാൽ പുതുപ്പള്ളിയിൽ അതിനൊന്നു ഇടനൽകിയില്ല. സർക്കാർ വിരുദ്ധ വികാരവും ഉമ്മൻ ചാണ്ടി വികാരവും സമാസമം ചേരുംപടിയായി ചേർത്താണ് കോൺഗ്രസും ഐക്യ മുന്നണിയും വിജയം കൊയ്തെടുത്തത്.

സിപിഎമ്മും ഇടതുപക്ഷവും പ്രചാരണത്തിൽ തുറന്നുവിട്ട വികസനമെന്ന മുദ്രാവാക്യം ഏശിയില്ല എന്നാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ, മാസപ്പടി വിവാദം, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക പരാധീനതകൾ, കൃഷിക്കാരോടുള്ള അവഗണന, സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ, ആരോഗ്യ രംഗത്തെ മുരടിപ്പ്, വിലക്കയറ്റം, വിദ്യാഭ്യാസരംഗത്തെ തളർച്ച തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജനങ്ങളുടെ വിയോജിപ്പും പ്രതിഷേധവുമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. സിപിഎം നേതൃത്വം പറഞ്ഞ ക്യാപ്സ്യൂളുകളൊന്നും ജനങ്ങൾക്കിടയിൽ ഏശിയില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

തൃക്കാക്കരയ്ക്ക് സാമാനമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ട് മണിക്കൂറിൽ അൻപതിലധികം ഫോൺ കോളുകളാണ് സംസ്ഥാന ദേശീയ നേതാക്കളുമായി പ്രതിപക്ഷ നേതാവ് നടത്തിയത്. മൂന്നു മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്റെ തൊട്ടുപിന്നാലെ പരസ്യ പ്രചരണ പരിപാടികളും തുടങ്ങി.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് നേരിട്ടെത്തി ഡിസിസി നേതൃയോഗങ്ങളിലും പ്രദേശിക നേതാക്കളുടെ യോഗങ്ങളിലും പങ്കെടുത്തു. ബൂത്തുകളിൽ നേതാക്കൾക്ക് ചുമതല നൽകി. സജീവമല്ലാതിരുന്ന ബൂത്തുകൾ പൊളിച്ചു പണിഞ്ഞു. എല്ലാം സൂക്ഷ്മമായി ഏകോപിപ്പിച്ചു. ഫലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴേക്കും യുഡിഎഫിന്റെ സംഘടനാ സംവിധാനം കുറ്റമറ്റതായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു. എല്ലാ ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ചില ദിവസങ്ങളിൽ മൂന്നു തവണ വരെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തി.

കാണേണ്ടവരെ നേരിട്ട് കണ്ടു. ഒരിടത്തും യുഡിഎഫ് സംവിധാനം പിന്നോട്ട് പോകാതിരിക്കാനുള്ള സവിശേഷ ശ്രദ്ധവച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ പതിവുള്ള ആളനക്കമില്ല. നേതാക്കളും പ്രവർത്തകരും എല്ലാവരും ഫീൽഡിൽ. യുഡിഎഫ് പ്രവർത്തകർ എത്താത്ത ഒരു വീട് പോലും മണ്ഡലത്തിൽ ഉണ്ടാകില്ലെന്നു ഉറപ്പിച്ചു. യുഡിഎഫിന്റെ മൂന്ന് സ്‌ക്വാഡുകൾ പൂർത്തിയായപ്പോഴാണ് എൽഡിഎഫിന്റെ ഒരു സ്‌ക്വാഡ് കഴിഞ്ഞത്. ഓഗസ്റ്റ് എട്ടിനാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഹൗസ് സ്‌ക്വാഡുകളും അവർ കൊണ്ടു പോകേണ്ട മെറ്റീരിയലുകളും സംബന്ധിച്ചു ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് തന്നെ തീരുമാനമായി. അത് രേഖാമൂലം താഴെത്തട്ടിലെ നേതാക്കൾക്കെത്തിച്ചു. പറഞ്ഞ സമയത്ത് തന്നെ സ്‌ക്വാഡുകൾ പൂർത്തിയായെന്ന് ഉറപ്പ് വരുത്തി. സാമുദായിക നേതൃത്വങ്ങളെ കൂട്ടിയിണക്കുന്നതിനും അവരെ യുഡിഎഫിനൊപ്പം നിർത്തുന്നതിനും പ്രത്യേക പദ്ധതികളുണ്ടായിരുന്നു. മാധ്യമ ശ്രദ്ധയിൽ നിന്ന് മാറിയാണ് സാമുദായിക നേതൃത്വവുമായുള്ള ചർച്ചകൾ പ്രതിപക്ഷ നേതാവിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്നത്.

ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ കുറിച്ച് സിപിഎം പ്രദേശിക നേതൃത്വം ആരോപണം ഉന്നയിച്ച് തുടങ്ങിയപ്പോൾ തന്നെ അതിനെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും സിപിഎമ്മിലെ പ്രതിക്കൂട്ടിലാക്കുകയും. 2019 മുതലുള്ള ചികിത്സാ വിശദാംശങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രതിപക്ഷ നേതാവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും പിണറായി വിജയനും സിപിഎമ്മും ചേർന്ന് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും നീചമായി വേട്ടയാടുകയാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. ഇതോടെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ യുഡിഎഫ് മേൽക്കൈ നേടി.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ മാത്രം കോർണർ ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് വികസന സംവാദത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി. തോമസ് വെല്ലുവിളിച്ചത്. വെല്ലുവിളിയുമായി പിന്നാലെ സിപിഎം നേതാക്കളുമെത്തി. സിപിഎം തന്ത്രം മുൻകൂട്ടി മനസിലാക്കിയ പ്രതിപക്ഷ നേതാവ് വെല്ലുവിളി ഏറ്റെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവളിക്കുകയും ചെയ്തു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങൾ ഉയർത്തിയത് ഈ ഘട്ടത്തിലാണ്. ഇതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി.

തൃക്കാക്കരയിലേതു പോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ടാണ് മണ്ഡലത്തിൽ എത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അടുത്തഘട്ടത്തിൽ ഉന്നയിച്ചു. മുഖ്യമന്ത്രി ആദ്യമായി പുതുപ്പള്ളിയിലെത്തിയ ദിവസം, പ്രചരണ യോഗത്തിന് മണിക്കൂറുകൾക്ക് മുൻപ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ഏഴ് ചോദ്യങ്ങൾ അക്കമിട്ട് ഉന്നയിച്ചു. ഈ ചോദ്യങ്ങൾ യുഡിഎഫ് നേതാക്കളും ഏറ്റെടുത്തു. മൂന്ന് ദിവസം മണ്ഡലത്തിൽ ഉണ്ടായിട്ടും ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. അച്ചു ഉമ്മൻ അടക്കമുള്ളവർക്കെതിരെയുള്ള സിപിഎമ്മിന്റെ സൈബർ ആക്രമണങ്ങളെ യുഡിഎഫിന് അനുകൂലമാക്കി വഴിതിരിച്ച് വിടുകയും ചെയ്തു. പോളിങ് ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടേതെന്ന് പറഞ്ഞ് സിപിഎം പുറത്തിറക്കിയ ശബ്ദം സന്ദേശം മന്ത്രി വാസവൻ ആയുധമാക്കി. ഇത് വാസവനുണ്ടാക്കിയതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.


Logo
X
Top