കോണ്‍ഗ്രസ് സംസ്‌കാര സാഹിതിയില്‍ നിന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് തെറിച്ചു; വിനയായത് ഉറ്റസുഹൃത്തിൻ്റെ പരാതി; സിനിമയിലെ പ്രശ്നങ്ങളും കാരണം

കെപിസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് ആന്റോ ജോസഫിനെ നീക്കി. പകരം കരുനാഗപള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. സിനിമാ സംവിധായകൻ ആലപ്പി അഷറഫിനെ കണ്‍വീനറായും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിയമിച്ചു.

ഇക്കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ആൻ്റോ ജോസഫിൻ്റെ നിയമനം നടന്നതിൻ്റെ പിന്നാലെ തന്നെ ഇക്കാര്യത്തിൽ പരാതി ഉണ്ടായിരുന്നു. ഉറ്റസുഹൃത്തും മുൻ എംഎൽഎയുമായ വിപി സജീന്ദ്രൻ ആണ് പാർട്ടിക്ക് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കൊപ്പമാണെന്ന വ്യാജേന നിന്ന് എതിർസ്ഥാനാർത്ഥി പിവി ശ്രീനിജന് വേണ്ടി പ്രവർത്തിച്ചയാളാണ് ആൻ്റോ എന്നാണ് സജീന്ദ്രൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.

ഈ പരാതി കാരണം ആൻ്റോ ജോസഫിന് ഔദ്യോഗികമായി ചുമതലയേൽക്കാനോ പ്രവർത്തനം തുടങ്ങാനോ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ തുടരുമ്പോഴാണ് ആൻ്റോ ജോസഫ് അടക്കം സിനിമാ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ്റെ ഒമ്പത് ഭാരവാഹികൾക്കെതിരെ നിർമാതാവ് സാന്ദ്രാ തോമസ് പരാതി ഉന്നയിച്ചത്. ഇതിൽ പോലീസ് കേസെടുത്ത് എല്ലാവരെയും പ്രതി ചേർത്തതോടെയാണ് സ്ഥാനത്ത് നിന്ന് നീക്കാൻ കെപിസിസിയിൽ ധാരണയായത്.

ശ്രീനിജനെതിരെ മത്സരിക്കാതിരിക്കാന്‍ ആന്റോ തൻ്റെ മേൽ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അന്നൊന്നും സംശയിച്ചില്ല. എന്നാൽ ശ്രീനിജൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ ആസ്തി വിവരങ്ങൾ പിന്നീട് കണ്ടപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം മനസിലായത്. 62 ലക്ഷം രൂപ ശ്രീനിജന് ആന്റോ ജോസഫ് കടമായി നല്‍കിയിരുന്നെന്ന് വ്യക്തമായി. ഇക്കാര്യങ്ങളാണ് സജീന്ദ്രൻ പാർട്ടിയെ അറിയിച്ചത്.

തനിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ ട്വൻ്റി 20യുടെ നേതാക്കളുടെ പക്കൽ ഉമ്മൻ ചാണ്ടി അടക്കം നേതാക്കളെ ഒത്തുതീർപ്പിനെന്ന പേരിൽ പറഞ്ഞുവിട്ട് വാർത്ത സൃഷ്ടിച്ചതിന് പിന്നിലും ആൻ്റോ ജോസഫ് ആയിരുന്നെന്ന് സജീന്ദ്രൻ ആരോപിച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എയായിരുന്ന സജീന്ദ്രന്‍ 2700 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പിവി ശ്രീനിജനോട് പരാജയപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top