കോൺഗ്രസിൻ്റെ അപ്പീൽ തള്ളി ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍; നികുതിയിലെ അപാകതകള്‍ക്ക് 210 കോടി രൂപ പിഴ ഒടുക്കിയേ തീരൂ

ഡല്‍ഹി: കോണ്‍ഗ്രസിന് 210 കോടി രൂപ ആദായനികുതിവകുപ്പ് പിഴ ചുമത്തിയതിനെതിരെ പാര്‍ട്ടി നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. നികുതി അടയ്ക്കുന്നതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് നടപടിയെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്. നിയമപരമായ എല്ലാ വഴികളും പരിശോധിച്ചു വരികയാണെന്നും ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ ആദായനികുതിവകുപ്പ് മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16 നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കുടിശ്ശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് നടപടി. പാര്‍ട്ടിയുടെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 65 കോടി രൂപ പിടിച്ചെടുത്തെന്ന് അജയ് മാക്കനും വ്യക്തമാക്കിയിരുന്നു. പണം പിടിച്ചെടുത്ത സാഹചര്യത്തില്‍ കോൺഗ്രസ് ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക ഭീകരതയാണിതെന്നും കോണ്‍ഗ്രസ് നേരത്തെ വിമർശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top