കോൺഗ്രസിലെ എ-ഗ്രൂപ്പിന് പുതുജീവൻ നൽകാൻ ശ്രമം; നേതൃത്വത്തെ ചൊല്ലി മുറുമുറുപ്പ്; ചാണ്ടി ഉമ്മൻ പോലുമില്ലാതെ എന്ത് ഗ്രൂപ്പെന്ന് പഴയ നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മാറ്റം വന്നേക്കും. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഛിന്നഭിന്നമായ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബെന്നി ബഹനാനും കൂട്ടരും.
കെ.സുധാകരനും വി.ഡി.സതീശനും കെപിസിസി നേതൃത്വത്തിൽ അവരോധിക്കപ്പെട്ടതോടെ ഗ്രൂപ്പുകൾ അപ്രസക്തമായി. ഗ്രൂപ്പ് മാനേജര്‍മാരും വക്താക്കളുമൊക്കെ പുതിയ നേതൃത്വത്തിനൊപ്പം ചേരുകയോ ചിലർ നിശബ്ദരാവുകയോ ചെയ്തതോടെ പഴയ താപ്പാനകൾക്ക് സങ്കേതങ്ങൾ ഇല്ലാതായി. ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്ന ബെന്നി ബഹനാൻ പലവട്ടം ഗ്രൂപ്പിൽ അവശേഷിക്കുന്നവരെ തടുത്ത് കൂട്ടി എ ഗ്രൂപ്പിന് ജീവൻ വയ്പ്പിക്കാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എംഎൽഎ ആയ ശേഷം ചാണ്ടി ഉമ്മനെ മുന്നിൽ നിർത്തി ഗ്രൂപ്പിനെ യോജിപ്പിക്കാൻ ശ്രമിച്ചെങ്കിലും എ ഗ്രൂപ്പിൽ തുടരാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.
ഗ്രൂപ്പിന്‍റെ നേതാവ് ആരാവണം എന്നതിൽ പോലും യോജിപ്പിൽ എത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. മുൻ മന്ത്രി കെ.സി.ജോസഫും ബെന്നി ബഹനാനും, പി.സി.വിഷ്ണുനാഥുമാണ് എ ഗ്രൂപ്പിൽ അവശേഷിക്കുന്ന നേതാക്കൾ. മൂന്ന് പേര്‍ക്കും കൂടി യോജിച്ച് ഒരു നേതാവിൽ ഗ്രൂപ്പ് നേതൃത്വം ഏൽപ്പിക്കാനും കഴിഞ്ഞിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കെപിസിസി നേതൃത്വത്തിനെതിരെ ബെന്നി ബഹനാൻ ചില വിമർശനങ്ങൾ ഉയർത്തിയെങ്കിലും ആരും ഗൗരവത്തിൽ എടുത്തില്ല.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നും ജയം നേടിയാൽ നേതൃമാറ്റമെന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് പഴയ ഗ്രൂപ്പ് മാനേജര്‍മാർക്ക് നന്നായിട്ടറിയാം. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് അജണ്ടകൾ നിർണയിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിഞ്ഞുവെന്ന് രാഷ്ടീയ എതിരാളികൾ പോലും അംഗീകരിച്ചതാണ് എ ഗ്രൂപ്പുകാരെ അസ്വസ്ഥപ്പെടുത്തുന്നത്. പ്രത്യേകിച്ച് സിപിഎം – ബിജെപി സഖ്യം ഉണ്ടെന്ന ആരോപണം തുറന്നു കാട്ടുന്നതിൽ സതീശൻ വിജയിച്ചുവെന്നത് മുന്നണിയിലെ ഘടകകക്ഷികൾ അംഗീകരിച്ചിരുന്നു. ഇടത് കൺവീനർ ഇ.പി.ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ചുള്ള രേഖകൾ പ്രതിപക്ഷനേതാവ് പുറത്തുവിട്ടതും യുഡിഎഫിന് ശക്തി പകർന്ന സംഭവമായിരുന്നു. രാഷ്ടീയമായി സതീശൻ കരുത്തനാവുന്നത് തങ്ങൾക്ക് ഭാവിയിൽ ദോഷം ചെയ്യുമെന്ന ഭയവും പഴയ എ ഗ്രൂപ്പ് നേതാക്കൾക്കുണ്ട്.
എ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ , ഷാഫി പറമ്പിൽ, ടി.സിദ്ദിഖ് തുടങ്ങിയവരെല്ലാം ഇപ്പോൾ സതീശന്‍റെ ക്യാമ്പിലാണ്. മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു എന്നീ പോഷക സംഘടനകളുടെ നേതാക്കളായ ജെബി മേത്തർ, രാഹുൽ മാങ്കൂട്ടത്തിൽ, അലോഷ്യസ് സേവ്യർ എന്നിവരും സതീശനൊപ്പമാണ്. സതീശൻ – സുധാകരൻ നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തലയെ കൂട്ടുപിടിച്ച് നീങ്ങാൻ ബെന്നിയും കൂട്ടരും ശ്രമിച്ചെങ്കിലും ആ നീക്കവും പാളിപ്പോയി. പാർട്ടിയിൽ ദുർബലനായ ചെന്നിത്തലക്ക് ഹൈക്കമാൻഡിലും, സംസ്ഥാനത്തും പഴയ പ്രതാപമില്ലെന്ന് അണികൾക്കറിയാം. അതുകൊണ്ട് പഴയ പടക്കുതിരകൾ എത്ര ശ്രമിച്ചാലും ഗ്രൂപ്പ് ഭരണം അസാധ്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here