പാനൂര്‍ സ്‌ഫോടനം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്; ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന യാത്ര; ഇലക്ഷന്‍ സ്റ്റണ്ടെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍ : ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം പ്രചരണ വിഷയമാക്കി കോണ്‍ഗ്രസ്. സിപിഎം അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വടകരയില്‍ സമാധാന യാത്ര നടത്തുകയാണ്. കെ.കെ രമ എംഎല്‍എയും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് അക്രമം നടത്താനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് ബോംബ് നിര്‍മ്മാണം നടന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സ്ഥലത്ത് എത്തി ആവശ്യമായ പരിശോധന നടത്തണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു.

നിലവിലെ പോലീസ് അന്വേഷണത്തിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എഫ്‌ഐആറില്‍ രണ്ട് പേരുടെ പേരുകള്‍ മാത്രമാണുളളത്. മൂളിയന്തോട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ബോംബുണ്ടാക്കാന്‍ പത്തോളം പേര്‍ ഒത്തുകൂടിയതെന്നാണ് വിവരം. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരിക്കേറ്റവര്‍ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാളെ കൊയമ്പത്തൂരിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ ചെയ്തത്.

കോണ്‍ഗ്രസ് ആരോപണങ്ങളെ സിപിഎം പൂര്‍ണ്ണമായും തള്ളുകയാണ്. സമാധാന യാത്രയും സിപിഎമ്മിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങളും ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍. ക്വട്ടേഷന്‍ സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഇവരെ പാര്‍ട്ടി തളളിപ്പറഞ്ഞിട്ടുണ്ട്. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top