വേണുഗോപാല്‍ ആലപ്പുഴയില്‍; മുരളീധരന്‍ തൃശൂരില്‍; ഷാഫി വടകരയില്‍; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

ഡല്‍ഹി : രാഷ്ട്രീയ വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടാന്‍ വമ്പന്‍ ട്വിസ്റ്റുമായി കോണ്‍ഗ്രസിന്റെ 16 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക. ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ മത്സരിക്കും. തൃശൂരില്‍ കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലുമാണ് മത്സരിക്കാന്‍ ഇറങ്ങുക. ടി.എന്‍.പ്രതാപനൊഴികെ മറ്റ് എംപിമാരും മത്സരത്തിനിറങ്ങും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
തിരുവനന്തപുരം ശശി തരൂര്‍, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, ആലപ്പുഴ കെ.സി.വേണുഗോപാല്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം ഹൈബി ഈഡന്‍, തൃശൂർ കെ.മുരളീധരന്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹനാന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ആലത്തൂർ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവന്‍, വടകര ഷാഫി പറമ്പില്‍, വയനാട് രാഹുല്‍ ഗാന്ധി, കണ്ണൂര്‍ കെ.സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.
പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ തിരിച്ചടി മറികടക്കാനാണ് കെ.മുരളീധരനെ തൃശൂരില്‍ ഇറക്കുന്നത്. മുസ്ലീം പ്രാതിനിധ്യം ഉറപ്പിക്കാനാണ് ഷാഫി പറമ്പലിനെ വടകരയില്‍ ഇറക്കുന്നത്. രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തിയത്. എഐസിസിയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുന്ന ടി.എന്‍.പ്രതാപന് നിയമസഭയില്‍ സീറ്റ് നല്‍കാമെന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here