കോണ്‍ഗ്രസ് പട്ടികയില്‍ വന്‍ട്വിസ്റ്റ്; മുരളീധരന്‍ തൃശൂരില്‍; ആലപ്പുഴ കെ.സി.വേണുഗോപാല്‍, വടകര ഷാഫി പറമ്പില്‍

ഡൽഹി: കോൺഗ്രസിന്റെ ലോക്സഭ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിര്‍ണായക മാറ്റങ്ങള്‍. കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായും ഇന്ന് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ സ്ഥാനാർഥിയാവും.
തൃശൂരില്‍ സിറ്റിങ് എം.പി. ടി.എൻ.പ്രതാപൻ മത്സരിക്കില്ല. വടകരയിൽനിന്ന് കെ.മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റും. പത്മജ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാകാം ഈ മാറ്റമെന്നാണ് സൂചന. വടകരയിൽ ഷാഫി പറമ്പിലാകും സ്ഥാനാർഥി. കണ്ണൂരിൽ കെ.സുധാകരൻ മത്സരരംഗത്തുണ്ടാകും. വയനാട്ടില്‍ രാഹുൽഗാന്ധി തന്നെ മത്സരിച്ചേക്കും.
ഇന്നലെ രാത്രി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കോണ്‍ഗ്രസ് പട്ടിക ഇങ്ങനെ:
തിരുവനന്തപുരം: ശശി തരൂർ, ആറ്റിങ്ങൽ: അടൂർ പ്രകാശ്, ആലപ്പുഴ: കെ.സി. വേണുഗോപാൽ, മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്, ഇടുക്കി: ഡീൻ കുര്യാക്കോസ്, പത്തനംതിട്ട: ആന്റോ ആന്റണി, എറണാകുളം: ഹൈബി ഈഡൻ, ചാലക്കുടി: ബെന്നി ബഹനാൻ, ആലത്തൂർ: രമ്യാ ഹരിദാസ്, പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, തൃശ്ശൂർ: കെ. മുരളീധരൻ, കോഴിക്കോട്: എം.കെ. രാഘവൻ, വയനാട്: രാഹുൽ ഗാന്ധി, വടകര: ഷാഫി പറമ്പിൽ, കണ്ണൂർ: കെ. സുധാകരൻ, കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ.
മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), കോട്ടയം: ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ, പൊന്നാനി: അബ്ദുസ്സമദ് സമദാനി ( മുസ്‌ലിംലീഗ്).

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here