വിഴിഞ്ഞത്ത് ചൈനീസ് പൗരന്‍മാര്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധം, മോദി അദാനിക്കായി അനധികൃത ഇളവുകള്‍ നല്‍കുന്നു, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ദില്ലി : വിഴിഞ്ഞത്ത് എത്തിയ ക്രയിനുകള്‍ ഇറക്കാന്‍ ചൈനീസ് പൗരന്‍മാരായ കപ്പല്‍ ജീവനക്കാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നിലവിലെ നിയമം അനുസരിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് തുറമുഖത്തിറങ്ങാന്‍ അനുമതി നല്‍കാറില്ല. എന്നാല്‍ അദാനിക്കായി നിയമങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുകയാണ്. ഇത് മോദി അദാനി ബന്ധത്തിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

നിലവില്‍ കപ്പലില്‍ എത്തുന്ന ജീവനക്കാര്‍ക്ക് തുറമുഖത്ത് വിസയില്ലാതെ ഇറങ്ങാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ അഫ്ഗാനിസ്താന്‍, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്താന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് അനുമതി നല്‍കാറില്ല. കേന്ദ്രആഭ്യന്തരമന്ത്രാലത്തിന്റെ ഈ നിര്‍ദ്ദേശങ്ങളെല്ലാം മാറ്റി വച്ചാണ് അദാനിക്കായി കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ഒരു കമ്പനിക്കായി മാത്രം എല്ലാ നിയമങ്ങളിലും ഇളവ് നല്‍കുന്ന സ്ഥിതിയാണ് രാജ്യത്തെന്നും ജയറാം രമേശ് വിമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ബെര്‍ത്തില്‍ സ്ഥാപിക്കുന്നതിനുള്ള ക്രയിനുമായി ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15 എത്തിയിട്ട് നാല് ദിവസമായിരുന്നു. എന്നാല്‍ ചൈനീസ് പൗരന്‍മാരായ ജീവനക്കാര്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ ക്രയിന്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. അനുമതി ലഭിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം ക്രയിനുകള്‍ പൂര്‍ണ്ണമായും ഇറക്കാന്‍ കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top