ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ബിജെപി കമ്പനികളെ ഭീണിപ്പെടുത്തി ബോണ്ട് വാങ്ങിപ്പിച്ചു

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം ബോണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനും ബോണ്ടിലൂടെ പണം ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം സുതാര്യമായ ഇടപാടുകളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഒന്നും ഒളിക്കാനില്ല. എല്ലാ വിവരവും കൈമാറാമെന്നും ജയറാം രമേശ് പറഞ്ഞു.

ബിജെപിയും കേന്ദ്രസര്‍ക്കാരും കമ്പനികളെ ഭീഷണിപ്പെടുത്തിയാണ് ഇലക്ട്രല്‍ ബോണ്ട് വാങ്ങിപ്പിച്ചത്. ഇതിനായി കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. ചില കമ്പനികളെ നോട്ടമിട്ട ശേഷം കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് പരിശോധന നടത്തുകയും സമ്മര്‍ദ്ധത്തിലാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്ക് പണം നല്‍കുന്നതോടെ എല്ലാ അന്വേഷണവും നിലയ്ക്കുകയും ചെയ്യും. ഇത് കടുത്ത അഴിമതിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ അഴിമതിയുടെ സൂത്രധാരന്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇലക്ട്രല്‍ ബോണ്ടില്‍ ജോയിന്റ് പാര്‍ലമെന്റിറി കമ്മിറ്റി (ജെപിസി) അന്വേഷണം നടത്തുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസ് ആരോപണം ബിജെപി നിഷേധിച്ചു. ഇലക്ട്രല്‍ ബോണ്ടു വഴി ബിജെപിക്ക് പണം ലഭിച്ചത് നിയമപരമായാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ മാത്രം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ആയിരം കോടിക്ക് മുകളില്‍ ലഭിച്ചിട്ടുണ്ട്. അപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിക്ക് കൂടുതല്‍ പണം ലഭിക്കുന്നത് സ്വാഭാവികമാണെന്നും അനുരാഗ് ഠാക്കുര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top