അന്‍വറിന് വീണ്ടും പണി കൊടുത്ത് കോണ്‍ഗ്രസ്; തൃണമൂലായി യുഡിഎഫിലേക്ക് വരേണ്ട; കേരള പാര്‍ട്ടി രൂപീകരിച്ച് വരാം

തൃണമൂല്‍ കോണ്‍ഗ്രസുമായി യുഡിഎഫിലേക്ക് വരേണ്ടെന്ന വ്യക്തമായ സന്ദേശം പിവി അന്‍വറിന് നല്‍കി കോണ്‍ഗ്രസ്. പകരം കേരള പാര്‍ട്ടി രൂപീകരിച്ച് സഹകരിക്കാം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാതെ അകന്നു നില്‍ക്കുന്ന പാര്‍ട്ടിയെ കേരളത്തില്‍ മാത്രം ഘടകക്ഷിയാക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. നാളെ അന്‍വറുമായുളള കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കും

മാണി സി കാപ്പനെ പോലെ കേരള പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുടെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ആര്‍എസ്പി, ഫോര്‍വേഡ്ബ്ലോക്ക് തുടങ്ങിയ ഘടകക്ഷികള്‍ക്കും തൃണമൂലിന്റെ കാര്യത്തില്‍ എതിരഭിപ്രായമുണ്ട്. പാര്‍ട്ടി രൂപീകരിക്കാന്‍ അന്‍വര്‍ തയാറല്ലെങ്കില്‍ മുന്നണിയില്‍ എടുക്കാതെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പേരിലെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാഷ്ട്രീയമായ തിരച്ചടി ഉണ്ടാകാന്‍ സാധ്യതയുള്ള തീരുമാനം വേണ്ടെന്നാണ് നേതാക്കളുടെ ആശയവിനിമയത്തിലെ ധാരണ. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനെ അനുകൂലിക്കുന്നത് മുസ്ലിംലീഗ് മാത്രമാണ്. അതിന് പിന്നില്‍ ലീഗിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. അത് മനസിലാക്കി തന്നെയാണ് കോണ്‍ഗ്രസിന്റെ തന്ത്രപരമായ ഇടപെടല്‍.

കോണ്‍ഗ്രസ് നിര്‍ദ്ദേശത്തില്‍ അന്‍വര്‍ അഭിമുഖീരിക്കുന്നത് വിശ്വാസ്യത നഷ്ടപ്പെടുമെന്ന വെല്ലുവിളിയാണ് . സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് ഡിഎംകെയായി. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസായി. ഇനിയും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലെ ബുദ്ധിമിട്ട് അന്‍വര്‍ നാളത്തെ ചര്‍ച്ചയിലും ഉന്നയിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top