കങ്കണ റണൗട്ടിനെതിരെ മോശം പരാമർശം നടത്തിയ സുപ്രിയ ശ്രിനേതിന് സീറ്റില്ല; മഹാരാജ്‌ഗഞ്ചിൽ വിരേന്ദ്ര ചൗധരി കോൺഗ്രസ് സ്ഥാനാർത്ഥിയാകും
ഡൽഹി: ബിജിപിയുടെ ലോക്സഭാ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ സുപ്രിയ ശ്രീനേതിന് സീറ്റ് നിഷേധിച്ച് കോൺഗ്രസ്. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ നിന്ന് സുപ്രിയ മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രഖ്യാപനം വന്നപ്പോൾ സീറ്റ് വിരേന്ദ്ര ചൗധരിക്കാണ് നൽകിയത്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള കങ്കണയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റാഗ്രാമിൽ കങ്കണക്കെതിരെ പോസ്റ്റ് വന്നത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് നിരവധിപേർ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതിലാരോ ഇട്ട പോസ്റ്റ് ആണെന്നുമുള്ള വിശദീകരണവുമായി സുപ്രിയ രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീക്കെതിരെ മാന്യമല്ലാത്ത പ്രസ്താവന ഇറക്കാൻ തനിക്ക് കഴിയില്ലെന്നും സുപ്രിയ പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിയക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ പുറത്തുവന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് സുപ്രിയയെ ഒഴിവാക്കിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാജ്‌ഗഞ്ചിൽ നിന്ന് മത്സരിച്ച സുപ്രിയ ബിജെപിയുടെ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here