പാര്‍ട്ടി ഒറ്റക്കെട്ടെന്ന് സച്ചിന്‍ പൈലറ്റ്; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന അശോക് ഗെഹ്‌ലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കത്തില്‍ മഞ്ഞുരുക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി സര്‍ക്കാരുകളുടെ അഴിമതി പ്രധാന പ്രചാരണ വിഷയമാക്കുമെന്നും പൈലറ്റ് വ്യക്തമാക്കി.
രാജസ്ഥാനിലെ മുന്‍ വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതി, ചോദ്യ പേപ്പര്‍ ചോര്‍ച്ച, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരിഷ്‌കരണം തുടങ്ങിയ താനുയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പൈലറ്റ് സംതൃപ്തി രേഖപ്പെടുത്തി. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരിഷ്‌കരണം സംബന്ധിച്ച് കരട് മാനദണ്ഡങ്ങള്‍ ചര്‍ച്ചിയിലാണെന്നും, അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമം കൊണ്ടുവരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും കെ സി വേണുഗോപാല്‍ അറിയിച്ചു. സംസ്ഥാന നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ അശോക് ഗെഹ്‌ലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കം ഇതോടെ തണുക്കുമെന്നാണ് കണക്കുകൂട്ടല്‍. നാല് മണിക്കൂര്‍ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ 29 നേതാക്കള്‍ പങ്കെടുത്തു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് അശോക് ഗെഹ്ലോട്ട് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെയുള്ളവ എങ്ങനെ നേരിടണമെന്ന് യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിനായി സര്‍വ്വേകള്‍ നടത്തുകയാണെന്നും സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന ചരിത്രമല്ല കോണ്‍ഗ്രസിന്റേതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകം വീടുവീടാന്തരം പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങളില്‍ അച്ചടക്കം പാലിക്കണമെന്ന് നേതാക്കള്‍ക്ക് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here