പ്രചാരണത്തിനുപോലും പണമില്ല; കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു; പ്രധാനമന്ത്രിയുടേത് ക്രിമിനല്‍ നടപടിയെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസിനെ ബിജെപി സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ക്കുകയാണെന്ന് നേതൃത്വം. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രചാരണത്തിന് പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യമാണെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു.

കേന്ദ്രത്തിന്‍റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും നേതാക്കള്‍ ചോദിച്ചു. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് മരവിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് ബലമായി പിടിച്ചെടുത്തത്. ഇത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഒരു വശത്ത്‌ ഇലക്‌ടറല്‍ ബോണ്ടിലൂടെ ബിജെപി നേട്ടമുണ്ടാക്കുന്നു, മറുവശത്ത് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി മരവിപ്പിച്ചു നിര്‍ത്താനാണ് ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അക്കൗണ്ടുകളില്‍ നിന്ന് 65 കോടി ഈടാക്കുകയും ചെയ്തിരുന്നു. അത് കൂടാതെ 2018-19 കാലയളവിലെ നികുതി 210 കോടി രൂപ അടയ്ക്കണമെന്നും അവശ്യപ്പെട്ടിരുന്നു. ഇത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല. 2017ല്‍ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത്. ഇതേ നടപടിയാണ് ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് പിഴ ചുമത്തുന്നതെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ചോദിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു മാസമാണ് നഷ്ടമായത്. പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ക്രിമിനല്‍ നടപടിയാണ് സ്വീകരിക്കുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നത് കള്ളമായി മാറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top