മാത്യു ടി ഏത് മുന്നണിയിലാണ്? ഞങ്ങൾ മോദിയോട് നേരിട്ട് പോരാട്ടത്തിലാണെന്ന് കെ.മുരളീധരൻ

തിരുവല്ല: സംസ്ഥാനത്ത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. സിപിഎമ്മിൻ്റെ എംപിമാരുൾപ്പടെ 146 അംഗങ്ങളെ പാർലമെൻ്റിൽ നിന്ന് പുറത്താക്കിയിട്ടും പിണറായി വിജയൻ കമാ എന്നൊരക്ഷരം മോദിക്കെതിരെ നവകേരള സദസിലോ പ്രഭാത സദസിലോ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ പിറ്റേന്ന് ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും ഇഡി കയറുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റെ ആഭിമുഖ്യത്തിലുളള വിചാരണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.

തിരുവല്ലായിലെ എംഎൽഎ മാത്യു.ടി.തോമസ് ഏത് മുന്നണിയിലാണ്? കേരളത്തിൽ എൽഡിഎഫിലും പുറത്ത് ബിജെപി മുന്നണിയിലുമാണ്. പിണറായി വിജയൻ്റെ അറിവോടെയാണ് ജനതാദൾ ബിജെപി മുന്നണിയിൽ തുടരുന്നതെന്ന് മുരളീധരൻ പറഞ്ഞു.

ജനതാദൾ കേരളത്തിൽ സംസ്ഥാന പാർട്ടിയാണെന്ന് പറയുന്നു. മാത്യു.ടി. അതിൻ്റെ പ്രസിഡൻ്റുമാണ്. പക്ഷേ, മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു.ടി.തോമസും ഇപ്പോഴും ജനതാദൾ ദേശീയ കമ്മറ്റി അംഗത്വം രാജിവെച്ചിട്ടില്ല. സംസ്ഥാന പാർട്ടിക്ക് എങ്ങനെയാണ് ദേശീയ കമ്മറ്റിയെന്ന് മുരളിധരൻ പരിഹസിച്ചു. ആ ദേശീയ കമ്മറ്റിയാകട്ടെ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയിലാണ്.

ദേവഗൗഡയും അദ്ദേഹത്തിൻ്റെ ജനതാദളും കർണാടകത്തിൽ ബിജെപിയുമായി പരസ്യ സഖ്യത്തിലാണ്. ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിട്ടും കേരളത്തിലെ മന്ത്രിസഭയിൽ ജനതാദളിനെ തുടരാൻ അനുവദിച്ചത് പിണറായി വിജയൻ്റെ മഹാമനസ്കതയാണ് എന്നാണ് കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞത്. ഞങ്ങൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നരേന്ദ്ര മോദിയോട് നേരിട്ട് ഏറ്റുമുട്ടുമ്പോൾ പിണറായി വിജയൻ ദീർഘകാലമായി അദ്ദേഹവുമായി ചങ്ങാത്തത്തിലാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

Logo
X
Top