സിദ്ധരാമയ്യക്ക് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണപിന്തുണ; ഡികെയുടെ വിമതനീക്കം പൊളിച്ചു
ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനു പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വിമതനീക്കം തടയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത് അതിവേഗ നീക്കം. അനുമതി വന്നയുടന്‍ തന്നെ മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് വിമത നീക്കങ്ങളെ തടഞ്ഞത്. ഇതിലൂടെ വലിയ പ്രതിസന്ധികളില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു.
ഹൈക്കമാന്‍ഡിന്റെ സന്ദേശം വ്യക്തമായതോടെ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണൂനട്ടിരുന്ന ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറും സിദ്ധരാമയ്യക്ക് പിന്തുണയുമായി രംഗത്ത് വന്നു. നടക്കുന്നത് ബിജെപിയും ജെഡിഎസും ചേര്‍ന്നുള്ള രാഷ്ട്രീയ പ്രേരിതമായ കരുനീക്കം എന്ന് എഐസിസി പ്രഖ്യാപിച്ചതോടെ ശിവകുമാറും കൂട്ടരും പത്തിമടക്കി നേതൃത്വത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഒരുതരത്തിലുമുള്ള വിമത പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന കര്‍ശന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. ഹരിയാന അടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തില്‍ വിമത നീക്കങ്ങള്‍ ഉണ്ടായാല്‍ പാര്‍ട്ടിയുടെ വിജയ സാധ്യതകളെ അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതി, മൈസൂര്‍ അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മലയാളിയായ ടിജെ എബ്രഹാം ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ബിജെപിയും ജെഡിഎസും സിദ്ധരാമയ്യയുടെ ഭൂമി കുംഭകോണത്തിനെതിരെ സമരത്തിലാണ്. ബിജെപിയുടെ രാഷ്ടീയ നീക്കത്തിലെ അപകടം മണത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യക്കു പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതോടെ വിമത നിക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി.
കര്‍ണാടകത്തിലെ ഏറ്റവും വലിയ പിന്നോക്ക ജാതിയായ കുറുബ വിഭാഗത്തില്‍ നിന്നുളള സിദ്ധരാമയ്യയെ കൈവിടുന്നത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സിദ്ധരാമയ്യ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളു. പിന്നോക്ക – ദലിത് വിഭാഗങ്ങളുടെ ചാമ്പ്യനായി രാഹുല്‍ ഗാന്ധി പോരാട്ടം നടത്തുന്ന ഘട്ടത്തില്‍ ഒരു പിന്നോക്ക വിഭാഗക്കാരനായ മുഖ്യമന്ത്രിയെ കൈവിടുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതൃത്വം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here