40 വര്‍ഷത്തിന് ശേഷം അലഹബാദ് സീറ്റ് തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തില്‍ കോണ്‍ഗ്രസ്; അമിതാബ് ബച്ചന്റെ റെക്കാര്‍ഡ് മറികടക്കാന്‍ കഴിഞ്ഞില്ല

ഒരു കാലത്ത് ശക്തികേന്ദ്രമായ അലഹബാദ് ലോക്‌സഭാ മണ്ഡലം 40 വര്‍ഷത്തിനു ശേഷം തിരിച്ചുപിടിച്ചത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നേട്ടമാണ്. 1984 ല്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച അമിതാബ് ബച്ചനായിരുന്നു അവസാനം ജയിച്ച കോണ്‍ഗ്രസ് എംപി. ബിജെപിയിലെ നീരജ് ത്രിപാഠിയെ 58000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ ഉജ്വല്‍ രമണ്‍ സിംഗ് ഇത്തവണ സീറ്റ് തിരിച്ചു പിടിച്ചു.

മുലായം സിങ് മന്ത്രിസഭയില്‍ അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന ഉജ്വല്‍ ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുന്‍ പ്രധാനമന്ത്രിമാരായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി, വിശ്വനാഥ് പ്രതാപ് സിംഗ് എന്നിവരും, ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മുരളി മനോഹര്‍ ജോഷിയും അലഹബാദിനെ ലോകസഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളവരാണ്. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് അമിതാബ് ബച്ചന്‍ അലഹബാദില്‍ നിന്ന് മത്സരിച്ചത്. ബച്ചന്റ ജന്മസ്ഥലം കൂടിയാണ് അലഹബാദ്. രാഷ്ട്രീയത്തിലൊന്നും സജീവമല്ലാതിരുന്ന അമിതാബ് തന്റെ ആത്മസുഹൃത്തായ രാജീവ്ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിനിറങ്ങിയത്. യുപിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന എച്ച്എന്‍ ബഹുഗുണയെ 1,87,895 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 68.2% വോട്ടും ബച്ചനായിരുന്നു നേടിയത്. അദ്ദേഹത്തിന് ലഭിച്ച റെക്കോര്‍ഡ് ഭുരിപക്ഷം മറികടക്കാന്‍ 40 വര്‍ഷത്തിനിടയില്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ബോഫോഴ്‌സ് തോക്കിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ അമിതാബ് ബച്ചനും സഹോദരന്‍ അജിതാബ് ബച്ചനും പങ്കുണ്ടെന്ന ആരോപണം വന്നതിനെ തുടര്‍ന്ന് അദ്ദേഹം 1987ല്‍ എംപി സ്ഥാനം രാജിവച്ചു. പിന്നീടൊരിക്കലും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top