ഒന്നര വര്‍ഷത്തിന് ശേഷം ഇന്ന് രാഷ്ട്രീയകാര്യ സമിതി; സംഘടനാ ചര്‍ച്ചകള്‍ വേണമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കോണ്‍ഗ്രസ്

മുഖ്യമന്ത്രി ആരാകും എന്ന തര്‍ക്കങ്ങള്‍ മതിയാക്കി സംഘടനയെ ശക്തിപ്പെടുത്തണമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി കോണ്‍ഗ്രസ്. ഒന്നര വര്‍ഷത്തിന് ശേഷം ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പാകും പ്രധാന അജണ്ടയെങ്കിലും സംഘടനാ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ആള്‍കൂട്ടം മാത്രമായി ഭാരവാഹികള്‍ മാറിയെന്ന വിമര്‍ശനം കോണ്‍ഗ്രസിലുണ്ട്. ഇക്കാര്യം യോഗത്തിലും ഉന്നയിക്കും.

ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയും പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ നേതൃക്യാംപ് സംഘടിപ്പിച്ച് നിരവധി സംഘടനാ തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയുണ്ടായില്ല. ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കേണ്ട രാഷ്ട്രീയകാര്യസമിതി ചേരാത്തതിനാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ പോലും നേതാക്കള്‍ പല അഭിപ്രായങ്ങള്‍ പറയുന്ന സ്ഥിതയാണ്.

പാര്‍ട്ടി പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയാകും. പുനഃസംഘടന വൈകുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പുളള ചിലരാണ് പുനഃസംഘടനയെ എതിര്‍ക്കുന്നത്. ഡിസിസിതലത്തിലെ മാറ്റം, കെപിസിസി സെക്രട്ടറിമാരുടെ നിയമനം, കെപിസിസി ഭാരവാഹിപ്പട്ടിക വിപുലീകരിക്കല്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കും.

പിവി അന്‍വര്‍ വിഷയവും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന അന്‍വര്‍ യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുകയാണ്. ഇതില്‍ പ്രധാന തീരുമാനം ഉണ്ടാകേണ്ടത് കോണ്‍ഗ്രസിലാണ്. വിശദമായി ചര്‍ച്ച ചെയ്ത ശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം മതിയെന്നാണ് പൊതുധാരണ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top