കോണ്‍ഗ്രസില്‍ മുട്ടന്‍ അടി നടക്കും; രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ എണ്ണം പത്തായി വെട്ടിച്ചുരുക്കാൻ നീക്കം; ആരൊക്കെ തെറിക്കും…?

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന കമ്മറ്റിയായ രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കുന്നു. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ജംബോ കമ്മറ്റി വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. നിലവില്‍ മുപ്പത്തിയഞ്ച് അംഗങ്ങളാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. അത് പത്തായി കുറയ്ക്കാനാണ് ആലോചന നടക്കുന്നത്.

ദേശീയ നേതൃത്വം വിളിച്ച കേരളത്തിലെ നേതാക്കളുടെ നിര്‍ണായക യോഗം നാളെ നടക്കുകയാണ്. ഇതില്‍ രാഷ്ട്രീയകാര്യ സമിതിയുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും. കേരളത്തിലെ നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി നല്‍കി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കുന്നത്.

രാഷ്ട്രീയകാര്യ സമിതി കൃത്യമായി യോഗം ചേരാത്തതിന് കാരണം തന്നെ ജംബോ കമ്മറ്റിയാണ്. എല്ലാവരുടേയും സൗകര്യം നോക്കുമ്പോള്‍ യോഗം നീണ്ടുപോകാറാണ് പതിവ്. കൂടാതെ നിര്‍ണായകമായ ചര്‍ച്ചയുടെ വിവരങ്ങള്‍ ചോരുന്നതിന് കാരണമാകുന്നു എന്ന വിലയിരുത്തലിലാണ് സമിതിയിലെ അംഗങ്ങളുടെ എണ്ണം ചുരുക്കുന്നത്.

കെ.സുധാകരന്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം.ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു, ടി.സിദ്ദീഖ്, എ.പി.അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം.ജോണ്‍,
എന്‍.സുബ്രഹ്‌മണ്യന്‍, അജയ് തറയില്‍, വി.എസ്.ശിവകുമാര്‍, ജോസഫ് വാഴക്കന്‍, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ശൂരനാട് രാജശേഖരന്‍, പി.കെ.ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം എന്നിവരാണ് രാഷ്ട്രീകാര്യ സമിതിയിലുള്ളത്. ഇതില്‍ പത്മജ പാര്‍ട്ടി വിട്ടു പോയിട്ടുണ്ട്.

ഈ കമ്മറ്റി വെട്ടിച്ചുരുക്കുക എന്നത് വലിയ കടമ്പയാണ്. ഈ നേതാക്കളില്‍ ആരെ മാറ്റിയാലും വലിയ കലഹം ഉയരും എന്നത് ഉറപ്പാണ്. നിലവില്‍ തന്നെ ഏറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് കോണ്‍ഗ്രസില്‍. അതിനൊപ്പം ഈ കമ്മറ്റി വെട്ടിച്ചുരുക്കല്‍ കൂടിയാകുമ്പോള്‍ സ്ഥിതി കൈവിട്ടുപോകും. മുന്‍ കെപിസിസി പ്രസിഡന്റുമാരെല്ലാം കലാപക്കൊടി ഉയര്‍ത്തും എന്നും ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top