കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതില്‍ തുടങ്ങിയ ചര്‍ച്ച എത്തിയത് പ്രതിപക്ഷ നേതാവില്‍!! കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത്…

പാര്‍ട്ടിയില്‍ ഐക്യവും സംഘടനാപരമായ കെട്ടുറപ്പും ലക്ഷ്യമിട്ട് ഒന്നര വര്‍ഷത്തിനു ശേഷം ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലെ മാരത്തോണ്‍ ചര്‍ച്ചയില്‍ ഉയര്‍ന്നത് പുതിയ പ്രശ്‌നങ്ങള്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി പുതിയ മുഖത്തെ ഇരുത്താനുളള ചര്‍ച്ചകള്‍ എത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിമര്‍ശനങ്ങളില്‍. സുധാകരന്റെ അനാരോഗ്യം പറഞ്ഞുള്ള ചര്‍ച്ചയാണ് സതീശന്റെ ശൈലിയിലെ വിമര്‍ശനത്തില്‍ എത്തിയത്. പ്രസിഡന്റ് മാറുന്നെങ്കില്‍ പ്രതിപക്ഷ നേതാവും മാറട്ടേ എന്ന നിലയില്‍ വരെ ചര്‍ച്ചകളെത്തി.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി അടുപ്പമുളള നേതാക്കളാണ് വിഡി സതീശനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ചത്. തുടങ്ങിയത് ശൂരനാട് രാജശേഖരനായിരുന്നു. അത് ഏറ്റുപിടിച്ചത് എപി അനില്‍ കുമാറാണ്. ഇരുവരും കേരളത്തിലെ കെസി ഗ്രൂപ്പിന്റെ സജീവ വക്താക്കളാണ്. ആദ്യം മാറ്റേണ്ടത് പ്രതിപക്ഷ നേതാവിന്റെ ശൈലിയാണെന്ന അഭിപ്രായമാണ് നേതാക്കള്‍ പങ്കുവച്ചത്. ഇതോടെ കെസി വേണുഗോപാലിന്റെ കൂടി അറിവോടെയാണ് ഈ വിമര്‍ശനം എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.

സുധാകരനെ മാറ്റാന്‍ മുന്‍കയ്യെടുത്തിരുന്ന പ്രതിപക്ഷ നേതാവിനെതിരായി ഉണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് സതീശന്‍ ക്യാമ്പ് സംശയിക്കുന്നത്. ആദ്യമായല്ല സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം വരുന്നത്. സതീശന്‍ പങ്കെടുക്കാതിരുന്ന ഒരു കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ സതീശനെതിരെ വിമര്‍ശനം ഉണ്ടാവുകയും ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും ചെയ്തിരുന്നു. ഇതില്‍ സതീശന്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ നിശ്ചലമായ സതീശന്‍ വിരുദ്ധ ക്യാമ്പാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും തലപൊക്കുന്നത്. ഇതിന് മുന്നോടിയായി തന്നെയാണ് ആരാകും അടുത്ത മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ച കോണ്‍ഗ്രസില്‍ തന്നെ തുടങ്ങിയതും. സംഘടനയെ ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്താണ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രി ആരാകണം എന്ന അനാവശ്യ ചര്‍ച്ച നടത്തുന്നത്.

ഈ ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഭാഗമാണെങ്കിലും പഴി മുഴുവന്‍ സതീശന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ കുറ്റപ്പെടുത്തലാണ് സതീശനെതിരെ ഉയര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി നേതാക്കളെ വെവ്വേറെ കാണുകയാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചാണ് ഈ കൂടിക്കാഴ്ച. ഇതില്‍ സതീശനെതിരായ വിമര്‍ശനവും ഉന്നയിക്കപ്പെടും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top