കരുവന്നൂര്‍ ധനസമാഹരണത്തോട് സഹകരിക്കില്ല; യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾ പണം നല്‍കില്ല; സഹകരണത്തട്ടിപ്പുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും കെ.സുധാകരന്‍

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരകളായവർക്ക് മറ്റ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സമാഹരിച്ചു നൽകാനുള്ള നടപടിയോട് കോൺഗ്രസ് സഹകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. യുഡിഎഫ് ഭരിക്കുന്ന ഒരു സഹകരണ ബാങ്കിൽ നിന്നും ഇതിനായി പണം നൽകില്ല. സാധാരണക്കാരുടെ പണമാണ് സഹകരണ ബാങ്കിലുള്ളത്. സർക്കാരിന്റെ അഴിമതി മറയ്ക്കാൻ പാവങ്ങളുടെ പണം നൽകില്ല. കരുവന്നൂരിലെ ഇരകൾക്ക് സർക്കാർ തന്നെ പണം കണ്ടെത്തി നൽകണം. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. എല്ലാ ജില്ലകളിലും പ്രതിപക്ഷ നേതാവുമായി സംയുക്തമായി ചേർന്ന് ഈ മാസം 19 മുതൽ നവംബർ ഏഴ് വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.

മാസപ്പടി വിഷയത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഇതുവരെ വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. സിപിഎമ്മിലെ നേതാക്കൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ധിക്കാര മനോഭാവമാണ് മുഖ്യമന്ത്രിക്ക്. അഖിലേന്ത്യാ നേതാക്കൾ എങ്കിലും മുഖ്യമന്ത്രിയെ തിരുത്താൻ ശ്രമിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസംബറിൽ ജനകീയ വിചാരണ നടത്തും. വീടുകൾ തോറും കുറ്റപത്രവും കോൺഗ്രസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ സ്ഥാനവും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. രണ്ടും മുഴുവൻ സമയം ശ്രദ്ധ വേണ്ട ജോലിയാണ്. വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top