‘മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം, തൃശൂരിൽ സിപിഐയെ കുരുതികൊടുക്കാൻ സിപിഎം തീരുമാനിച്ചു’: കെ. മുരളീധരൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി- പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കെ. മുരളീധരൻ എം.പി. മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തൃശൂരിൽ സിപിഐയെ കുരുതികൊടുക്കാൻ സിപിഎം തീരുമാനിച്ചു. ബാക്കി ഘടകകക്ഷികളെ എവിടെ കുരുതികൊടുക്കുമെന്ന് തിരഞ്ഞെടുപ്പിൽ കാണാമെന്നും മുരളീധരൻ പറഞ്ഞു.
‘ഞങ്ങളെ കാണുമ്പോൾ ചീറി കടിയ്ക്കാൻ വരുന്നയാൾ അനുസരണയുള്ള ആട്ടിൻകുട്ടിയായി മോദിയുടെ മുന്നിൽ നിൽക്കുന്നു. ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. അത് കുരുക്കിൽ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് പക്ഷേ നടക്കില്ല, ഞങ്ങൾ തുറന്നുകാണിക്കും. പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതിൽനിന്നുതന്നെ സിപിഎം-ബിജെപി അന്തർധാര വ്യക്തമായി കഴിഞ്ഞു’ എന്നാണ് മുരളീധരൻ പറഞ്ഞത്.
ലാവലിൻ ഉൾപ്പെടെ പല കേസുകളിലും ഇപ്പോൾ അനക്കമില്ല. സർക്കാർ കൂടുതൽ കുരുക്കിലേക്ക് പോവുകയാണ്. അത് ഊരാനുള്ള ശ്രമങ്ങളാണ് പിണറായി നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു. സത്യം പുറത്തുവരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും അതിന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here