കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മിലേക്ക്; രാജിവച്ചത് കെപിസിസി തിരഞ്ഞെടുപ്പ് പ്രചാരണസമിതി അംഗം
ഇടുക്കി: മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ പിപി സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍ ചേര്‍ന്നു. കെപിസിസി രൂപീകരിച്ച 25 അംഗ തിരഞ്ഞെടുപ്പ് പ്രചാരണസമിതിയില്‍ നിന്നും അംഗത്വം രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതാക്കളുമായി അസ്വാരസ്യങ്ങള്‍ ഉണ്ടയാതായി റാവുത്തര്‍ മുന്‍പ് പരസ്യമാക്കിയിരുന്നു. ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പാര്‍ട്ടി വിട്ടത്.
1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തർ നിയമസഭയിലെത്തിയത്. രണ്ട് തവണ ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തയിടെ രമേശ് ചെന്നിത്തല ചെയര്‍മാനായ തിരഞ്ഞെടുപ്പ് പ്രചാരണസമിതിയില്‍ വൈകി അംഗത്വം നല്‍കിയതില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഒരു ഓട്ടക്കാലണയുടെ വിലപോലും കെപിസിസി നേതൃത്വം തനിക്ക് നല്‍കിയിട്ടില്ലെന്നും കെ.സുധാകരനാണ് തന്നെ ഏറ്റവും കൂടുതല്‍ അപമാനിച്ചതെന്നും ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചത്. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ സംഘടനാ മര്യാദയുടെ പേരിലാണ് പുറത്ത് പറയാതിയിരുന്നത്. ആത്മാഭിമാനം മുറിപ്പെട്ട വ്രണിത ഹൃദയനാണ് താനെന്നും സുലൈമാന്‍ റാവുത്തർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here