നേര്‍ക്കുനേര്‍ ആരോപണങ്ങളുമായി അച്ഛനും മകനും; പരസ്പരം പോരടിച്ച് സഹോദരനും സഹോദരിയും; കേരളത്തിലെ തിരഞ്ഞെടുപ്പ് കാഴ്ചയിലെ കുടംബപോര്

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അത്രപരിചിതമല്ലാത്ത കാഴ്ചയാണ് കുടുംബപോര്. ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ രണ്ട് മുന്നണികളിലായി അണിനിരന്ന് പരസ്പരം പോരടിക്കുകയാണ്. ഒരിടത്ത് അച്ഛനും മകനുമാണെങ്കില്‍ മറ്റൊരിടത്ത് സഹോദരനും സഹോദരിയുമാണ്. ബന്ധങ്ങളുടെ ബഹുമാനമില്ലാതെ കടുത്ത ആരോപണങ്ങളാണ് ഇരുകൂട്ടരും വീറോടെ ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ സമുന്നതരായ രണ്ട് നേതാക്കളുടെ കുടംബത്തിലാണ് ഈ പോര് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്ന് എ.കെ.ആന്റണിയോളം തലപൊക്കമുള്ള ഒരു നേതാവ് ഇല്ല. ആ ആന്റണിയുടെ മകനെ തന്നെ റാഞ്ചി ബിജെപി വലിയ അടിയാണ് ജീവിത സായാഹ്നത്തില്‍ ആന്റണിക്ക് നല്‍കിയത്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ മകന്‍ അനില്‍ ആന്റണിയെ തള്ളിപറഞ്ഞെങ്കിലും അതിന് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിയില്ല. പത്തനംതിട്ടയില്‍ അനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസിനു വേണ്ടി എ.കെ.ആന്റണി പ്രചരണത്തിന് എത്തുമോയെന്ന ചോദ്യം ഉയര്‍ന്നു. ആരോഗ്യം അനുവദിച്ചാല്‍ പോകുമെന്നായിരുന്നു ആന്റണി ആദ്യ ദിവസങ്ങളില്‍ നല്‍കിയ മറുപടി. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കടുത്ത നിലപാടുമായി ആന്റണി എത്തി. പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണമെന്നും ആന്റോ ആന്റണി ജയിക്കണമെന്നും നിലപാട് പറഞ്ഞു. മകന്‍ ബിജെപിയില്‍ ചേര്‍ന്നത് തെറ്റാണ്. മക്കളെപ്പറ്റി അധികം പറയിപ്പിക്കരുത്, ആ ഭാഷ ശീലിച്ചിട്ടില്ലെന്നും മറ്റും രൂക്ഷമായിട്ടായിരുന്നു ആന്റണിയുടെ പ്രതികരണം. പിന്നാലെ അതേ നാണയത്തില്‍ മറുപടിയുമായി അനില്‍ ആന്റണിയും രംഗത്തെത്തി. ആന്റണിയെ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ഒട്ടും മയമില്ലാതെ ആയിരുന്നു അനിലിന്റെ മറുപടി.

മറ്റൊരു കുടുംബപോര് നടക്കുന്നത് തൃശൂരില്‍ സാക്ഷാല്‍ കെ.കരുണാകരന്റെ മക്കള്‍ തമ്മിലാണ്. കെ.മുരളീധരനും പത്മജ വേണുഗോപാലും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നത് നേരത്തേയും കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തോടെ ഒരിടവേളയ്ക്ക് ശേഷം അത് വീണ്ടും രൂക്ഷമാകുകയാണ്. പത്മജ ബിജെപി കൊടിപിടച്ചപ്പോള്‍ തന്നെ ഇനി സഹോദര ബന്ധമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു മുരളീധരന്‍. അതിനു പിന്നാലെ പത്മജയുടെ തട്ടകമായ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി അപ്രതീക്ഷിത എന്‍ട്രി കൂടിയായപ്പോള്‍ ആ പോര് കടുത്തു. കിട്ടുന്ന അവസരങ്ങളില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും കളം നിറയുകയാണ്. ഇപ്പോള്‍ കരുണാകരന്റെ സ്മൃതി മണ്ഡപത്തിന് സമീപം ബിജെപി പരിപാടി സംഘടിപ്പിച്ചതാണ് പുതിയ വിവാദം. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്നാണ് മനസിലാകാത്തത്. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. അതിനു വേണ്ടി ജീവന്‍ കൊടുക്കാനും തയാറാണ്… ഇങ്ങനെയായിരുന്നു മുരളീധരന്റെ പ്രതികരണം. ബിജെപിയില്‍ ചേര്‍ന്ന ദിവസങ്ങളില്‍ മുരളീധരന് മറുപടികള്‍ നല്‍കിയിരുന്നു പത്മജ. അനിയനായിരുന്നെങ്കില്‍ തല്ലുമായിരുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുരളീധരന്റെ കടുത്ത പരാമര്‍ശങ്ങളുണ്ടായിട്ടും പത്മജ മൗനത്തിലാണ്.

തിരഞ്ഞെടുപ്പിന് 16 ദീവസം കൂടി ശേഷിക്കുന്നതിനാല്‍ ഇനിയും ഈ പോര് തുടരാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top