നേതാക്കള്‍ ഓരോരുത്തരായി പാര്‍ട്ടി വിടുന്നു; ബിജെപിയിലെത്തിയ എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് പ്രിയങ്കയ്ക്ക് അടുപ്പമുള്ള നേതാവ്; ഗാന്ധി കുടുംബത്തിന് ആഘാതമായി വിശ്വസ്തരുടെ രാജി

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആഘാതമായി വിശ്വസ്തര്‍ പലരും പാര്‍ട്ടി വിടുന്നു. ഈ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട പഞ്ചാബില്‍ നിന്നുള്ള എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു പ്രിയങ്ക വാദ്രയുമായി അടുപ്പമുള്ള നേതാക്കളില്‍ ഒരാളായിരുന്നു. ബിട്ടുവിനൊപ്പം ബിജെപിയിലെത്തിയത് രണ്ടുതവണ കോണ്‍ഗ്രസ് എംപിയുമായിരുന്ന അന്തരിച്ച സന്തോഖ് സിങ് ചൗധരിയുടെ ഭാര്യയായ കരംജിത് കൗറാണ്. ഹിമാചല്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു തജീന്ദര്‍ സിങ് ബിട്ടു.

സോണിയ-രാഹുല്‍-പ്രിയങ്ക തുടങ്ങി ഗാന്ധി കുടുംബത്തിലുള്ളവരോട് വ്യക്തിപരമായി അടുപ്പം വെച്ച് പുലര്‍ത്തിയ ഒട്ടേറെ നേതാക്കളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ കൂറുമാറിയത്. രാഹുല്‍ ഗാന്ധിയോട് ഏറെ അടുപ്പം പുലര്‍ത്തിയ മിലിന്ദ് ദേവ്റ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം ചേര്‍ന്നത് എന്‍ഡിഎയിലുള്ള ഷിന്‍ഡെ വിഭാഗം ശിവസേനയിലാണ്. രാഹുലിനോട് അടുപ്പം പുലര്‍ത്തിയ ജിതിന്‍ പ്രസാദ 2021-ല്‍ കോണ്‍ഗ്രസ് വിട്ടു. ഇപ്പോള്‍ അദ്ദേഹം ബിജെപിയിലാണ്.

2019 മുതല്‍ പത്തോളം നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള രാഹുല്‍ ബ്രിഗേഡില്‍ ഇപ്പോള്‍ മുന്‍പത്തെ പോലെ നേതാക്കളില്ല. കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു കപില്‍ സിബല്‍. 2022 മേയ് മാസം അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയുള്ള രാജ്യസഭാ എംപിയാണ് കപില്‍ സിബല്‍. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്നും മാറണമെന്ന് പറഞ്ഞ 23 നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

പ്രമുഖ നേതാവായിരുന്ന ഗുലാബ് നബി ആസാദും ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമില്ല. പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചാണ് സോണിയാ ഗാന്ധിയുടെ ഈ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. പുതുതായി ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ രൂപീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗുജറാത്ത് പാട്ടിദാര്‍ നേതാവായ ഹാര്‍ദിക് പട്ടേല്‍ 2022-ല്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ഗുജറാത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് രാജി നല്‍കിയത്. നേരെ എത്തിയത് ബിജെപിയിലേക്ക്. ഇതേ വര്‍ഷം തന്നെ മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. നാലര പതിറ്റാണ്ട് കാലം അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു.ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അല്‍പേഷ് ഠാക്കൂറും 2019ല്‍ കോണ്‍ഗ്രസ് വിട്ടു.

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് എംപി സുനില്‍ ജാഖര്‍ 2022-ല്‍ തന്നെ പാര്‍ട്ടി വിട്ടു. മേയില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. യുപിയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ ആര്‍.പി.എന്‍.സിങ്ങും ബിജെപിയിലേക്ക് മാറി. ഇതിനും രണ്ട് വര്‍ഷം മുന്‍പാണ് കേന്ദ്രമന്ത്രിയായിരുന്ന ജ്യോതിരാദിത്യ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയാണ് അദ്ദേഹം ബിജെപിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഭരണനഷ്ടവും വന്നു. നേതാക്കളുടെ രാജി വലിയ നേതൃശൂന്യതയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top