ഗുണ്ടാ നേതാവെന്ന കിരീടം തലയില്‍ നിന്നും പോയെന്ന് സുധാകരന്‍; പൊളിഞ്ഞത് സിപിഎം ഗൂഡാലോചനയെന്ന് സതീശന്‍; കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് നേതാക്കള്‍
തിരുവനന്തപുരം : ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വഗതം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎം ചാര്‍ത്തി തന്ന ഗുണ്ടാ നേതാവ് എന്ന കിരീടം തലയില്‍ നിന്ന് പോയതായി കെ.സുധാകരന്‍ പ്രതികരിച്ചു. കെട്ടിചമച്ച കേസ് തലയ്ക്ക് മുകളില്‍ എന്നും വാളായിരുന്നു. അത് മുറിച്ചു മാറ്റിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ വേട്ടയാടലാണ് സിപിഎം നടത്തിയത്. അത് രൂക്ഷമായപ്പോഴാണ് വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാന്‍ വെല്ലുവിളിച്ചത്. അലിഞ്ഞു പോയി എന്നാണ് ഇപി ഇതിനോട് പ്രതികരിച്ചത്. ശരീരത്തില്‍ ഏറ്റത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു. കേസിനെതിരെ അപ്പീല്‍ പോകുമെന്നാണ് ഇപി പറയുന്നത്. പാവം ജയരാജന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാലും നിയമപരമായി പോരാടുമെന്നും സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സിപിഎം നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. മനപൂര്‍വമായാണ് സുധാകരനെയും എം.വി രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള ജയരാജന്‍ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ വളരെ വ്യക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അത് നിലനില്‍ക്കുമെന്നു തന്നെയാണ് കരുതുന്നത്. കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജയരാജന്‍ പറഞ്ഞതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here