പ്രോടേം സ്പീക്കര്‍ പാനലില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറും; കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധം
18-ാം ലോക്‌സഭയിലെ പ്രോടേം സ്പീക്കര്‍ നിയമനത്തില്‍ ഏറ്റവും മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണി പ്രോടേം സ്പീക്കറെ സഹായിക്കാനായി രൂപീകരിച്ച പാനലില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായിട്ടാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്.
പ്രോടേം സ്പീക്കറെ സഹായിക്കാനായി രാഷ്ട്രപതി നിയമിച്ച പാനലില്‍ നിന്ന് ഇന്‍ഡ്യ മുന്നണിയുടെ അംഗങ്ങളായ ടിആര്‍ ബാലു (ഡിഎംകെ), കൊടിക്കുന്നില്‍ സുരേഷ്, സുദീപ് ബന്ദോപാധ്യായ (ടിഎംസി) എന്നിവരെ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. ഇവരെ കൂടാതെ ബിജെപിയുടെ രണ്ട് അംഗങ്ങളും പാനലിലുണ്ട്. സുരേഷിനോട് പാനലുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. ഇന്‍ഡ്യാ മുന്നണിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
എട്ടു തവണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ് ഏഴ് തവണ എംപിയായ ബിജെപി അംഗം ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. രണ്ട് തവണ തോറ്റതിനാലാണ് സുരേഷിനെ നിയമിക്കാത്തതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം. എട്ട് തവണ പാര്‍ലമെന്റില്‍ എത്തിയെങ്കിലും രണ്ട് തവണ കൊടിക്കുന്നില്‍ തോറ്റിരുന്നു. എന്നാല്‍ ഭര്‍തൃഹരി ഒരിക്കലും തോറ്റിട്ടില്ലെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജ്ജു പറയുന്നത്. പരാജയമറിയാതെ ഏഴുതവണ എംപിയായ ഭര്‍തൃഹരിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് വലിയ അപമാനമാണെന്നായിരുന്നു കിരണ്‍ റിജിജു അഭിപ്രായപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here