കോൺഗ്രസ് പുനഃസംഘടന നാളെ നാളെ… നീളെ നീളെ…, കെപിസിസിയുടെ അന്ത്യശാസനം നടപ്പായില്ല, പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന ഗണപതിക്കല്യാണം പോലെ നീളുന്നു. കോൺഗ്രസ് മണ്ഡലം പുനഃസംഘടനക്ക് കെപിസിസി അനുവദിച്ച സമയം ഇന്നവസാനിക്കെ മിക്ക ഡിസിസികളിൽനിന്നും ലിസ്റ്റുപോലും തയാറാക്കി അയച്ചിട്ടില്ല. ജില്ലകളിലെ സമ്പൂർണ്ണ പട്ടികയായില്ലെങ്കിലും ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം. അതെല്ലാം കീഴ്മേൽ മറിഞ്ഞു.

ജില്ലകളിലെ സമ്പൂർണ്ണ പട്ടികയായില്ലെങ്കിൽ ആയ മണ്ഡലങ്ങളിലെ പട്ടിക പ്രഖ്യാപിക്കാമെന്ന് കെപിസിസി നിർദേശിച്ചിട്ടുപോലും അനുസരിക്കാൻ പല ഡിസിസികളും തയാറായിട്ടില്ല. ഇനിയും സമയം നീട്ടിനൽകണമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വങ്ങൾ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു വിജയത്തിന്റെ ശോഭതന്നെ കെടുത്തുന്ന വിധത്തിലാണ് അനന്തമായി നീളുന്ന പുനഃസംഘടന യഞ്ജം. പിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേൽക്കുമ്പോൾ പിസിസി തലം മുതൽ പുനഃസംഘടന നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടുവർഷം കഴിഞ്ഞിട്ടും പുനഃസംഘടന എങ്ങുമെത്തിയില്ല. ഗ്രൂപ്പ് അതിപ്രസരം ഇല്ലായെന്ന് അവകാശപ്പെടുമ്പോഴും ഗ്രൂപ്പ് ചിട്ടവട്ടങ്ങളിൽ നിന്നു മോചനം നേടാൻ സുധാകരനു കഴിഞ്ഞിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംഘടനയുടെ താഴെത്തട്ടിൽ പാർട്ടി പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചു നിൽക്കുകയാണ്. പാർട്ടി ഭാരവാഹിത്വത്തിൽ 50 ശതമാനം യുവാക്കൾക്കും സ്ത്രീകൾക്കും നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് മാനേജരന്മാരാണ് പുനഃസംഘടന നീക്കങ്ങൾ അട്ടിമറിച്ചത്. ഒരു കാലത്ത് പ്രബലമായിരുന്ന എ-ഗ്രൂപ്പിനും ഐ-ഗ്രൂപ്പിനും ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പിനു ഒരു കുറവും ഉണ്ടായിട്ടില്ല. നേതാക്കളുടെ ശിങ്കിടികൾക്കും പെട്ടിയെടുപ്പുകാർക്കും മാത്രമാണ് മിക്കപ്പോഴും സ്ഥാനമാനങ്ങൾ ലഭിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട്‌ കോടതി കേറിയ സംഭവമുണ്ടായി. പാർട്ടി ഭരണഘടനക്ക് വിരുദ്ധമായാണ് നിയമനങ്ങൾ നടത്തിയതെന്നാരോപിച്ചാണ് മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ.വി. സനിൽ കുമാർ കോടതിയെ സമീപിച്ചത്. ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽകൈ പാടെയില്ലാതെയാകും.

Congress list announcement uncertain



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top