കണ്ണീർവാതകം, ജലപീരങ്കി X കല്ലേറ്; തെരുവുയുദ്ധമായി കോണ്‍ഗ്രസ് മാര്‍ച്ച്; കെ.സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നവകേരള മാര്‍ച്ചിനിടെ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പോലീസ് നേരിട്ടത്. പോലീസും കോണ്‍ഗ്രസും തമ്മിലുള്ള തെരുവ് യുദ്ധമാണ് പിന്നീട് നടന്നത്.
മ്യൂസിയം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണ് നേതൃത്വം നല്‍കിയത്. എംപിമാരും എംഎല്‍എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അണിനിരന്ന മാര്‍ച്ച് ആല്‍ത്തറ ജംഗ്ഷനിൽ പോലീസ് തടഞ്ഞു. കെ.സുധാകരന്റെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി.
ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ആദ്യം ജലപീരങ്കിയും പിന്നെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാമെടുത്ത് പോലീസിനെ നേരിട്ടു. കല്ലേറും തുടങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ വെള്ളയമ്പലത്തേക്ക് നീങ്ങി. കെപിസിസി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ച വേദിയിലേക്ക് ടിയര്‍ഗ്യാസ് പ്രയോഗിച്ച പോലീസ് നടപടി അസാധാരണമായി. ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ കെ.സുധാകരന് ദേഹാസ്വാസ്ഥ്യമുണ്ടായി. പോലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here